
കൊല്ലം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്ക് സംഭാവന നൽകിയില്ലെന്ന പേരിൽ കൊല്ലത്ത് കടയിൽ കയറി ആക്രമിച്ചെന്ന് പരാതി. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിലാണ് അക്രമം. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് സാധനങ്ങൾ വലിച്ചെറിഞ്ഞതെന്നും അനസ് പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം പിരിവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നൽകി. ഇന്ന് പണം വാങ്ങാനെത്തിയപ്പോൾ അഞ്ഞൂറ് രൂപ മാത്രമേ നൽകാനാവൂ എന്ന് അനസ് പറഞ്ഞു. രണ്ടായിരം തന്നെ വേണമെന്ന് കോൺഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചതോടെ തർക്കമായി. കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവർ അടിച്ചു തകർത്തുവെന്നാണ് കടയുടമയുടെ ആരോപണം.
സംഭവത്തിൽ കടയുടമകൾ കുന്നിക്കോട് പൊലീസിൽ പരാതി നൽകി. അതേസമയം സാധനങ്ങൾ വലിച്ചെറിഞ്ഞിട്ടില്ലെന്നും സിപിഎം നേതാക്കൾ ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കാൻ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നുമാണ് വിലക്കുടി വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് നൽകുന്ന മറുപടി.
അതേസമയം ഭാരത് ജോഡോ യാത്രക്ക് പുറമെ അടുത്ത യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം മുതൽ കിഴക്കേയറ്റം വരെയാണ് പദയാത്ര നടത്തുക. അടുത്ത വർഷം ആദ്യം യാത്ര തുടങ്ങുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്ച തികയുമ്പോഴാണ് പുതിയ യാത്ര പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറ് ഗുജറാത്ത് മുതൽ കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര നടത്തുക. അടുത്ത വർഷം ആദ്യമായിരിക്കും യാത്ര.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam