എന്‍സിപി മന്ത്രിസ്ഥാനം പങ്കിടില്ല; അഞ്ചുവര്‍ഷവും എ കെ ശശീന്ദ്രന്‍ തന്നെ

By Web TeamFirst Published May 18, 2021, 4:39 PM IST
Highlights

എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി പി പീതാംബരന്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവര്‍ത്തിച്ചിരുന്നു.

തിരുവനന്തപുരം: എന്‍സിപിയുടെ മന്ത്രിയായി എ കെ ശശീന്ദ്രന്‍ തുടരും. തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന സംസ്ഥന പ്രസിഡണ്ട് ടി പി പീതാംബരന്‍ മാസ്റ്ററിന്‍റെ ആവശ്യം കേന്ദ്രനേതൃത്വം തള്ളി. മന്ത്രി സ്ഥാനം പങ്കിടാന്‍ തീരുമാനമില്ലെന്ന് എ കെ ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎമ്മും സിപിഐയും പുതുമഖങ്ങളെ മന്ത്രിയാക്കിയ സാഹചര്യത്തില്‍ എന്‍സിപി ഇത്തവണ ശശീന്ദ്രനെ മാറ്റിനിര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ നീക്കം നടത്തുകയും ചെയ്തു. തര്‍ക്കം പരിഹരിക്കാന്‍ ദേശിയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ നേരിട്ടെത്തിയാണ് ഇന്ന് സംസ്ഥാന സമിതി യോഗം ചേര്‍ന്നത്. 

സംസ്ഥന സമിതിയിലും അഭിപ്രായഐക്യം ഉണ്ടാകാത്ത സാഹചര്യത്തില്‍ മന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടാന്‍  നിര്‍ദ്ദേശം ഉയര്‍ന്നു. എന്നാല്‍  എന്നാല്‍ ശശീന്ദ്രന്‍റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പീതാംബരന്‍ മാസ്റ്റർക്കും അടിതെറ്റി. ഒടുവില്‍ ശശീന്ദ്രനെ  അഞ്ച് വര്‍ഷത്തേക്ക് മന്ത്രിയാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം സംസ്ഥാന സമിതി  അംഗീകരിച്ചു. ഒന്നാംപിണറായി സര്‍ക്കാരില്‍ ശശീന്ദ്രന്‍ ഗതാഗത വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഇത്തവണ വകുപ്പില്‍ മാറ്റം വന്നേക്കാം. രണ്ട് എംല്‍എമാര്‍ മാത്രമാണ് എന്‍സിപിക്കുള്ളത്. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട തോമസ് കെ തോമസിന് ഇനി പാര്‍ട്ടിയുടെ  നിയമസഭകക്ഷി നേതാവായിരിക്കാം.
 

click me!