
കൊല്ലം: കൊല്ലം പട്ടണത്തിലെ അറിയപ്പെടുന്ന കായിക താരമായിരുന്നു ഒരു കാലത്ത് ജെ ചിഞ്ചുറാണി. കളിക്കളത്തിൽ നിന്നാർജിച്ച ആത്മവിശ്വാസം കൈമുതലാക്കിയാണ് പഞ്ചായത്തംഗത്തിൽ നിന്ന് സംസ്ഥാന മന്ത്രിസഭയിലെ അംഗത്വത്തിലേക്കുള്ള ചിഞ്ചുവിൻ്റെ വളർച്ച.
1981 മാർച്ച് 23ന് ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചൊരു ചിത്രമാണിത്. ഡൽഹിയിൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച ക്രോസ് കൺട്രി റെയ്സിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ വനിതാ എൻസിസി കേഡറ്റ് ചിഞ്ചുറാണിയുടെ ചിത്രം. അന്നത്തെ പ്രധാനമന്തി ഇന്ദിരാഗാന്ധിയിൽ നിന്ന് സമ്മാനമേറ്റുവാങ്ങിയ ആ പെൺകുട്ടി പിന്നീട് ഓടിക്കയറിയത് കേരളത്തിൻ്റെ അതിവിശാലമായ രാഷ്ട്രീയ ഭൂമികയിലേക്കാണ്.
1988 ൽ ഇരുപത്തിയഞ്ചാം വയസിൽ ഇരവിപുരം പഞ്ചായത്ത് ഭരണസമിതി അംഗമായി. പിന്നെ കൊല്ലം ജില്ലാ പഞ്ചായത്തംഗവും, ഉപാധ്യക്ഷയുമായി. കൊല്ലം കോർപറേഷൻ്റെ ആദ്യ ഭരണ സമിതിയിലും ചിഞ്ചുവുണ്ടായിരുന്നു. എ ഐ എസ് എഫിൻ്റെ യൂണിറ്റ് കമ്മിറ്റിയിൽ നിന്ന് സി പി ഐ യുടെ ദേശീയ നിർവാഹക സമിതി അംഗത്വത്തോളം ഇതിനിടെ ചിഞ്ചുവിലെ സംഘടനാ പ്രവർത്തകയും വളർന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് സംസ്ഥാന പൗൾട്രി കോർപറേഷൻ്റെ അധ്യക്ഷയായി. കൊല്ലം പട്ടണത്തിലെ അറിയപ്പെടുന്ന സിപിഐ നേതാവായിരുന്ന എൻ ശ്രീധറിൻ്റെ മകൾ അപ്പോഴൊക്കെയും ലാളിത്യത്തിലൂന്നിയ കമ്മ്യൂണിസ്റ്റ് ജീവിതം തുടർന്നു.
വിഭാഗീയത രൂക്ഷമായ കൊല്ലത്തെ സിപിഐയിൽ കായിക താരത്തിൻ്റെ മെയ് വഴക്കത്തോടെയാണ് തെരഞ്ഞെടുപ്പ് കാലത്തുയർന്ന വെല്ലുവിളികളെ ചിഞ്ചു പൊരുതി തോൽപ്പിച്ചത്. ആ സ്പോർട്സ് സ്പിരിറ്റിനു കൂടിയുള്ള അംഗീകാരമാണ് പാർട്ടി നൽകിയ മന്ത്രി സ്ഥാനം. കമ്മ്യൂണിസ്റ്റ് സഹയാത്രികൻ തന്നെയായ സുകേശനാണ് ചിഞ്ചുറാണിയുടെ ജീവിത സഖാവ്. മക്കളായ നന്ദുവും, നന്ദനയും നൽകുന്ന പിന്തുണ കൂടിയാണ് ചിഞ്ചുറാണിയിലെ രാഷ്ട്രീയക്കാരിയുടെ ഊർജം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam