വയനാട്: വയനാട് തോമാട്ടുച്ചാൽ നെടുമുള്ളിയിൽ മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ബത്തേരി നായ്ക്കപടി കോളനിയിലെ ബാബുവാണ് മരിച്ചത്. നിർമാണം നടക്കുന്ന വീടിന്‍റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടം. മണ്ണിനടിയിൽപെട്ട ബാബുവിന്‍റെ മൃതദേഹം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ബാബുവിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ദില്ലിയിൽ ഗോഡൗൺ ചുമരിടിഞ്ഞ് 5 പേർ മരിച്ച സംഭവം, രണ്ടുപേർ അറസ്റ്റിൽ
ദില്ലി അലിപൂരിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ ചുമരിടിഞ്ഞ് വീണ് 5 പേർ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കരാറുകാരനും സൂപ്പർവൈസറുമാണ് അറസ്റ്റിലായത്. അനധികൃതമായി നടത്തിയ കെട്ടിട നിർമാണം ദില്ലി പൊലീസും കോർപ്പറേഷനും നേരത്തെ തടഞ്ഞിരുന്നു. ഇത് വകവയ്ക്കാതെയാണ് നിർമാണം പുനരാരംഭിച്ചതെന്ന് വ്യക്തമായതോടെയാണ് നടപടി.
പ്രദേശത്ത് മണ്ണെടുക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ച അഞ്ച് പേരും. ഗോഡൗണിന്റെ ചുമരിന് സമീപത്തെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ചുമരിടിഞ്ഞ് ഇവരുടെ മേൽ വീണത്. സംഭവത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു. അപകടം നടന്ന് 3 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. ഇരുപതോളം തൊഴിലാളികൾ ഈ സമയം നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നു. കോൺട്രാക്ടർ സിക്കന്ദർ, സൂപ്പർവൈസർ സതീഷ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥല ഉടമെയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam