
തിരുവനന്തപുരം: കേരളത്തിൻ്റെ മുഖ്യമന്ത്രിക്കസേരയിലേക്ക് വി ഡി സതീശനെ തെരഞ്ഞെടുത്തിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ മുന്നുപേരുകൾ ഹൈക്കമാൻഡിന് മുന്നിൽ ഉണ്ടായിരുന്നെങ്കിലും ദിവസങ്ങൾ നീണ്ട കൂടിയാലോചനകൾക്ക് ശേഷം ഹൈക്കമാൻഡ് വി ഡി സതീശൻ എന്ന ഒറ്റപ്പേരിലേക്ക് എത്തുകയായിരുന്നു. എംഎൽഎമാരുടെ പിന്തുണയിൽ കെ സി വേണുഗോപാലിന് മേൽക്കൈ ഉണ്ടായിരുന്നെങ്കിലും ഘടകക്ഷികളും അണികളും സതീശന് മുന്നിൽ നിലയുറപ്പിച്ചതോടെ ഹൈക്കമാൻഡിന് വഴങ്ങാതെ നിവൃത്തിയുണ്ടായില്ല, ഒടുവിൽ അണികളുടെ ആഗ്രഹം പോലെ പട നയിച്ച 'വടശ്ശേരി ദാമോദര മേനോൻ സതീശൻ' എന്ന വി ഡി സതീശൻ തന്നെ കേരളം ഭരിക്കാൻ എത്തുന്നു.
1964 മെയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോൻ്റെയും വി വിലാസിനിയമ്മയുടെയും മകനായാണ് വി ഡി സതീശൻ്റെ ജനനം. നെട്ടൂരിലെ എസ് വി യു പി സ്കൂൾ, പനങ്ങാട് ഹൈസ്കൂൾ, തേവര സേക്രഡ് ഹാർട്ട് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ സതീശൻ നിയമബിരുദധാരിയാണ്.
പറവൂർ നിയോജക മണ്ഡഡലത്തിൽനിന്ന് ആറ് തവണ (2001, 2006, 2011, 2016, 2021, 2026) നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996ൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2001ൽ സിപിഐയുടെ പി രാജുവിനെ 7,434 വോട്ടിന് തോൽപ്പിച്ചാണ് സതീശൻ നിയമസഭ കയറിയത്. പിന്നീട് പറവൂർ സതീശൻ്റെ കൈയിൽ ഭദ്രം.
2006ൽ സിപിഐയുടെ കെഎം ദിനകരനെ 7,792 വോട്ടുകൾക്ക് തോൽപ്പിച്ചു. പിന്നീട് ക്രമാതീതമായി ഭൂരിപക്ഷം ഉയർത്താൻ സതീശന് സാധിച്ചു. 2011ൽ സിപിഐയുടെ പന്ന്യൻ രവീന്ദ്രനെ 11,349 വോട്ടുകൾക്കും 2016ൽ സിപിഐയ്ക്കായി മത്സരിച്ച ശാരദ മോഹനെ 20,364 വോട്ടുകൾക്കും 2021ൽ സിപിഐയുടെ എംടി നിക്സണെ 21,301 വോട്ടുകൾക്കുമാണ് സതീശൻ തോൽപ്പിച്ചത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20,600 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സതീശൻ്റെ വിജയം. എൽഡിഎഫിനായി മത്സരിച്ച സിപിഐയുടെ ഇ ടി ടൈസൺ മാസ്റ്ററെ ആണ് സതീശൻ പരാജയപ്പെടുത്തിയത്.
മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ചെയർമാൻ, എൻഎസ്‍യുഐ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, എഐസിസി സെക്രട്ടറി, കോൺഗ്രസ് നിയമസഭാ കക്ഷി വിപ്പ്, കേരള നിയമസഭയുടെ എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാൻ (2011-2016), പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ (2016-2021), പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള സതീശൻ വിവിധ ട്രേഡ് യൂണിയനുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. വായനയും യാത്രയും ട്രക്കിങ്ങുമാണ് സതീശൻ്റെ ശീലങ്ങൾ. ആർ ലക്ഷ്മിപ്രിയ ആണ് ഭാര്യ. ഉണ്ണിമായ എസ് ആണ് മകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam