ഷാഫിയെ തോൽപ്പിക്കുമെന്ന് പറയുമ്പോൾ ബിജെപിയെ ജയിപ്പിക്കുമെന്നല്ലേ? സിപിഎമ്മിനോട് രാഹുൽ മാങ്കൂട്ടത്തിൽ

By Web TeamFirst Published Mar 14, 2023, 3:40 PM IST
Highlights

അവിടെ ബിജെപിയെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോല്‍പ്പിക്കുവാൻ ഇത്തവണയും നിങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയതാണ്. പാലക്കാട് പിടിക്കാൻ നരേന്ദ്ര മോദിയും അമിത് ഷായും പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എ തോല്‍പ്പിക്കുമെന്നുള്ള സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ പരാമര്‍ശം ചര്‍ച്ചയാക്കി കോണ്‍ഗ്രസ്. ഷാഫിയെ തോല്‍പ്പിക്കുമെന്ന് സിപിഎം പറയുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാമത് എത്തിയ ബിജെപിയെ ജയിപ്പിക്കുമെന്നല്ലേ സിപിഎം പറയുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. നാടിന് വേണ്ടി, ശുദ്ധ വായുവിന് വേണ്ടി നിയമസഭയിൽ ശബ്‍ദം ഉയർത്തിയതിന്‍റെ പേരിലാണ് ഭീഷണി. മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര്‍ സമ്മതിക്കില്ലായെന്ന് മാത്രം.

അവിടെ ബിജെപിയെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോല്‍പ്പിക്കുവാൻ ഇത്തവണയും നിങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയതാണ്. പാലക്കാട് പിടിക്കാൻ നരേന്ദ്ര മോദിയും അമിത് ഷായും പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീർ... വിജയൻ പറയും പോലെയല്ല 'ഇത് ജനുസ്സ് വേറെയാണ്' എന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രഹ്മപുരം പ്രശ്നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരായ പൊലീസ് നടപടിയിലാണ് ഇന്ന് പ്രതിപക്ഷം സഭയില്‍ പ്രതിഷേധം കടുപ്പിച്ചത്. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. അടിയന്തരപ്രമേയമായി വിഷയം പരിഗണിക്കാനാവില്ലെന്നും സബ്മിഷൻ ആയി ഉന്നയിക്കാം എന്നുമായിയരുന്നു സ്പീക്കർ എ എന്‍ ഷംസീറിന്‍റെ നിലപാട്. അതിനിടെ സ്പീക്കര്‍, ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ നടത്തിയ പരാമര്‍ശവും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി.

അടുത്ത തവണ ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന സ്പീക്കറുടെ പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം  സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെയിലാണ് എ എന്‍ ഷംസീര്‍ ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. എല്ലാം ജനങ്ങൾ കാണുന്നുണ്ട്, എല്ലാവരും ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്. അത് മറക്കേണ്ട, അടുത്ത തവണ തോൽക്കും എന്ന് ഷാഫി പറമ്പിലിനോട് സ്പീക്കർ പറഞ്ഞു. സഭയിൽ ബാനർ കൊണ്ട് സ്പീക്കറുടെ  മുഖം മറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ പ്രതിസന്ധി; കെപിസിസി നേതൃത്വത്തിനെതിരെ കൂടുതൽ എംപിമാർ, എഐസിസിക്ക് പരാതി നൽകും

click me!