
കോഴിക്കോട്: പിഎസ്‍സി കോഴ ആരോപണത്തിൽ സിപിഎം നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത സംഭവത്തിൽ പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടന്നാക്രമണം നടത്തുന്നുവെന്ന് സിപിഎം ജില്ലാ കമ്മിറ്റി. ഇതിനെ ചെറുത്ത് പരാജയപ്പെടുത്തും. സഖാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണ്. തെറ്റു ചെയ്തതിന്റെ പേരില്‍ നടപടിക്ക് വിധേയരാകുന്നവര്‍ക്ക് വീരപരിവേഷം നല്‍കുന്ന രീതി മാധ്യമങ്ങളും എതിരാളികളും നേരത്തെയും സ്വീകരിക്കുന്നതാണെന്നും ജില്ലാ കമ്മിറ്റി പറയുന്നു.
പാര്‍ട്ടിയെയും നേതൃത്വത്തെയും കരിവാരിക്കേക്കാന്‍ ഈ അവസരത്തെ ഉപയോഗിക്കുകയാണ്. മാധ്യമങ്ങളും മുന്‍കാലങ്ങളില്‍ നിന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തായവരും ഈ അവസരത്തെ ഉപയോഗിക്കുന്നു. എളമരം കരീമിനും മുഹമ്മദ് റിയാസിനും ജില്ലാ നേതൃത്വത്തിനുമെതിരെ നടക്കുന്നത് നീചമായ ആക്രമണമാണ്. ഈ പ്രചരണങ്ങളുടെ അജണ്ട പാര്‍ട്ടി തുറന്നു കാണിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
പിഎസ്‍സി കോഴ പരാതിയില്‍ തുറന്നു പറച്ചിലുമായി സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി രംഗത്തെത്തിയിരുന്നു. പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഭാര്യയുടെ നിയമനവുമായി നിരന്തരം ബന്ധപ്പെട്ട ശ്രീജിത്തിനെ സമാധാനിപ്പിക്കാന്‍ വേണ്ടി ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്. ശ്രീജിത്തുമായി ഒരു സ്ഥലം ഇടപാടിനുള്ള നീക്കം നടത്തിയിരുന്നെന്ന് സമ്മതിച്ച പ്രമോദ് എന്നാല്‍ അത് ഒരു പാര്‍ട്ടി സഖാവിന്റെ മകന്റെ വിദ്യാഭ്യാസക്കാര്യത്തിനാണെന്നും പറഞ്ഞു. തന്നെ പുറത്താക്കാന്‍ സിപിഎമ്മിനുള്ളില്‍ പ്രവര്‍ത്തിച്ച ക്രിമിനല്‍ ബുദ്ധികളെ തുറന്നുകാട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും പ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പിഎസ് സി അംഗത്വത്തിനല്ല നിയമനത്തിന് വേണ്ടിയാണ് അടുത്ത സുഹൃത്തുക്കളിലൊരാളും സഹോദര ബന്ധവുമുള്ള ശ്രീജിത്ത് തന്നെ സമീപിച്ചതെന്നാണ് പ്രമോദ് കോട്ടൂളിയുടെ വാദം. റാങ്ക് ലിസ്റ്റിലുള്ള ഭാര്യക്ക് കോഴിക്കോട് നിയമനം ലഭിക്കണമെന്ന ആവശ്യവുമായി ശ്രീജിത്ത് നിരന്തരം വിളിച്ചപ്പോള്‍ സമാധാനിപ്പിക്കാനാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി അടുപ്പമുണെന്ന് സ്ഥാപിക്കുന്ന ഫോട്ടോകള്‍ അയച്ചു നല്‍കിയത്.
ഒരു പാര്‍ട്ടി സഖാവിന്റെ മകന്റെ വിദ്യാഭ്യാസ ആവശ്യം നിറവേറ്റാന്‍ ശ്രീജിത്തിനോട് ഒരു സ്ഥലം വാങ്ങി സഹായിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ചിലര്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. ജില്ലാകമ്മിറ്റി അംഗം ചതിക്കുമെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. മുന്‍കൂട്ടിയെടുത്ത തീരുമാനപ്രകാരമാണ് തന്നെ പുറത്താക്കിയത്. ജില്ലാകമ്മിറ്റി അംഗത്തിനും പരാതി നല്‍കിയ ലോക്കല്‍ കമ്മിറ്റി അംഗം റിജുലയ്ക്കുമപ്പുറം മറ്റാരെങ്കിലും ഉണ്ടെങ്കില്‍ പുറത്തുവരും. സത്യമല്ലാത്ത കാര്യങ്ങള്‍ കൃത്രിമമായി ചമച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ക്രിമിനല്‍ ബുദ്ധികളെ പുറത്തുകൊണ്ടു വരുന്നതുവരെ പഴുതടച്ച നിയമപോരാട്ടങ്ങള്‍ നടത്തുമെന്നും പ്രമോദ് കോട്ടുളി പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam