
മലപ്പുറം: ഭർത്താവിൽ നിന്നേറ്റത് ക്രൂരമായ മർദനമാണെന്ന് തുറന്നുപറഞ്ഞ് മലപ്പുറം വേങ്ങരയിലെ നവവധു. വിവാഹം കഴിഞ്ഞ അതേ ആഴ്ചയിൽ തന്നെ ഫായിസ് ക്രൂരമായി മർദിച്ചെന്ന് വധു പറഞ്ഞു. തലയിണ മുഖത്തമർത്തി കൊല്ലാൻ നോക്കി. പുറത്തു പറഞ്ഞാൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. ഫായിസ് മർദിക്കുമ്പോൾ വീട്ടുകാർ നോക്കി നിന്നെന്നും ഇരുപതുകാരിയായ നവവധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംശയ രോഗവും കൂടുതൽ സ്ത്രീധനം ചോദിച്ചുമായിരുന്നു മർദനം. കഴിഞ്ഞ ദിവസം പരാതി നൽകിയിട്ടും ഭർത്താവിനെതിരെ പൊലീസ് നടപടിയെടുത്തില്ലെന്ന് കാണിച്ച് രംഗത്തെത്തിയിരുന്നു.
പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടും ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് ശക്തമായ നടപടി എടുത്തിട്ടില്ല. പ്രതിയായ മുഹമ്മദ് ഫായിസ് വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസിൽ നിന്നും നീതി കിട്ടാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2024 മെയ് 2 നായിരുന്നു ഇരുവരുടേയും വിവാഹം. മർദനം രൂക്ഷമായപ്പോൾ മെയ് 22 ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. മെയ് 23 ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും ഫായിസിനെ അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ ഭർത്താവ് മുഹമ്മദ് ഫായിസ് ഒന്നാം പ്രതിയും ഭർതൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികളുമാണ്. മലപ്പുറം വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ അന്വേഷിക്കുന്നത് വേങ്ങര പൊലീസാണ്. നിലവിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam