അധികാര ദുർവിനിയോഗം,സ്വത്ത് സമ്പാദനം: പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു,പരാതിയുമായി കോൺഗ്രസ്

By Web TeamFirst Published Aug 24, 2022, 7:49 AM IST
Highlights

അധികാര ദുർവിനിയോഗം അനധികൃത സ്വത്ത് സന്പാദനം കസ്റ്റഡി മർദനം എന്നിവ ഉണ്ടെന്ന് തെളിഞ്ഞതോടെ 2021 ഫെബ്രുവരിയില്‍ ശ്രീമോനെ പിരിച്ചു വിടുകയായരുന്നു

ഇടുക്കി : അധികാര ദുര്‍വിനിയോഗവും അനധികൃത സ്വത്ത് സന്പാദനവും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ട തൊടുപുഴ മുന്‍ എസ് എച്ച് ഒ എന്‍ ജി ശ്രീമോനെ തിരിച്ചെടുത്തു. പിരിച്ചു വിട്ട നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ശ്രീമോന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ശേഷം എ ഡി ജി പി വിജയ് സാക്കറെയാണ് ഉത്തരവിട്ടത്. അതെസമയം ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം

തൊടുപുഴ സി ഐ ആയിരുന്ന എന്‍ ജി ശ്രീമോന്‍ 2017 ജുലൈയില്‍ കെ എസ് യു മാർച്ചിനിടെ നേതാക്കളെ തിരഞ്ഞു പിടിച്ച് മര്‍ദിച്ചുവെന്ന് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു ഇതിനിടെയാണ് സിവില്‍ കേസിന്‍റെ പേരില്‍ ശ്രീമോന്‍ ഭീക്ഷണിപെടുത്തി പണം ആവശ്യപെടുന്നുവെന്നാരോപിച്ച് തൊടുപുഴ സ്വദേശി ബേബിച്ചന്‍ വർക്കി ഹൈക്കോടതിയെ സമീപിക്കുന്നത്. ബേബിച്ചന്‍റെ പരാതി ശരിയെന്ന് കണ്ടെത്തിയതോടെ സസ്പൈന്‍റ് ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്താൻ ഉത്തരവിട്ടു. 

വിജിലൻസ് ഐ ജി എച്ച് വെങ്കിടേഷ് നടത്തിയ ഈ അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയടക്കം 18 എണ്ണത്തില്‍ കഴന്പുണ്ടെന്ന് കണ്ടെത്തി. വിദ്യാർഥിളെ മർദിച്ചു, ഒരാളുടെ കര്‍ണ്ണപടം തകർത്തു എന്നിവയൊണ് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കണ്ടെത്തിയ കാര്യങ്ങള്‍. അധികാര ദുർവിനിയോഗം അനധികൃത സ്വത്ത് സന്പാദനം കസ്റ്റഡി മർദനം എന്നിവ ഉണ്ടെന്ന് തെളിഞ്ഞതോടെ 2021 ഫെബ്രുവരിയില്‍ പിരിച്ചു വിടുകയായരുന്നു. തുടർന്ന് ശ്രീമോൻ നല്‍കിയ അപ്പിലിന് ഒടുവിലാണ് ശ്രീമോനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. ശ്രീമോന്‍റെ സി പി എം ബന്ധമാണ് തിരിച്ചെടുക്കാന്‍ കാരണമായി കോൺഗ്രസ്  ആരോപിക്കുന്നത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം

ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച്ചക്കുള്ളിൽ കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിക്കും. ശ്രീമോനെതിരെ പരാതി നല്‍കിയ ബേബിച്ചന്‍ വർക്കിയും വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന

click me!