
കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ ഇന്നലെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം എട്ട് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കടിയേറ്റവർ വാക്സീൻ കൃത്യമായി എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ രാവിലെയാണ് ശ്രീ നാരായണ പാർക്കിന് സമീപം അലഞ്ഞു തിരിയുകയായിരുന്ന നായ എട്ട് പേരെ കടിച്ചത്. നായയെ പിടിക്കുന്നതിനിടെ നായ സംരക്ഷണ പ്രവർത്തകനും കടിയേറ്റിരുന്നു. കടിയേറ്റവർ ഉടൻ തന്നെ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തെരുവുനായ ഇന്നലെ വൈകിട്ടോടെ ചത്തു.
അതേസമയം കണ്ണൂരിൽ തെരുവുനായയെ അടിച്ചു കൊന്നതിന് പൊലീസ് കേസെടുത്തു. കണ്ണൂർ പയ്യന്നൂരിൽ തെരുവ് നായയെ തല്ലിക്കൊന്ന സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. സി സി ടി വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കണ്ടാലറിയാവുന്ന ഒരുകൂട്ടം ആളുകൾക്കെതിരെ പൊലീസ് കേസെടുത്തത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള വകുപ്പുകൾ ചുമത്തി എഫ് ഐ ആർ ഇട്ടു. കഴിഞ്ഞ വ്യാഴാഴ്ച ഒരുകൂട്ടം ആളുകൾ തെരുവുനായയെ അടിച്ച് കൊല്ലുന്ന സി സി ടി വി ദൃശ്യം പുറത്തുവന്നിരുന്നു. റോഡിൽ അലസമായി നടക്കുന്ന തെരുവുനായയെ പിന്നിലൂടെ എത്തിയ ഒരാൾ ആദ്യം വടി ഉപയോഗിച്ച് അടിക്കുകയാണ്.
അടികൊണ്ട നായ മർദ്ദിച്ചയാളെ തിരിച്ച് ആക്രമിച്ചു. കയ്യിൽ കയറി കടിച്ച പട്ടിയെ വലിച്ചെറിഞ്ഞ ഇയാളോടൊപ്പം മറ്റ് ചിലരും കൂടി എത്തി പട്ടിയെ ക്രൂരമായി തല്ലിക്കൊല്ലുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അനക്കമില്ലാതെ കിടക്കുന്ന പട്ടിയെ വീണ്ടും വീണ്ടും വടികൊണ്ട് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
അക്രമകാരികളായ പേപ്പട്ടികളെ കൊല്ലാന്‍ സുപ്രീംകോടതി അടിയന്തര അനുമതി നൽകിയിട്ടില്ല. തെരുവുനായ അക്രമങ്ങള്‍ തടയാനുള്ള ചട്ടങ്ങളിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ വാദം കോടതി അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. വ്യക്തികളും സന്നദ്ധ സംഘടനകളും ഒരോ സ്ഥലങ്ങളിലെ തെരുവുനായ ഭീഷണി ചൂണ്ടിക്കാട്ടി നൽകുന്ന ഹർജികൾ എല്ലാം കേൾക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കേസുകൾ തീർപ്പാക്കാൻ അതത് ഹൈക്കോടതികളെ സമീപിക്കണം. ചട്ടങ്ങളിലെ മാറ്റം ഉൾപ്പടെയുള്ള പൊതു വിഷയങ്ങൾ മാത്രം സുപ്രീം കോടതി കേൾക്കും. കേരളത്തിലെ സാഹചര്യം സവിശേഷമാണെന്ന് അതേ സമയം കോടതി സമ്മതിച്ചു. കേരളത്തില്‍ ഒരോ വര്‍ഷവും നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നതായി ജസ്റ്റിസ് സിരിജഗന്‍ സമിതി റിപ്പോർട്ട് പരാമർശിച്ച് കോടതി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam