
പാലക്കാട് : പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്ന്. കൃത്യമായ റോഡ് സൌകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തേക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്നാണ് അർധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകൻ എന്ന യുവതിയെ ബന്ധുക്കൾ ചേർന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമന്നത്. കടുകമണ്ണ ഊരിലാണ് സംഭവമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചു.
കടുകമണ്ണ ഊരിലെ നിവസികൾക്ക് പുറംലോകത്തേക്ക് എത്താൻ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിക്കണം.
രാത്രി ആനയിറങ്ങുന്ന സ്ഥലമാണിത്. രാത്രി പന്ത്രണ്ട് മണിയോടെ പ്രസവ വേദന ആരംഭിച്ച ഉടനെ ആംബുലൻസിനായി യുവതിയുടെ ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആനയിറങ്ങുന്നതിനാലും റോഡ് മോശമായതിനാലും ആംബുലൻസോ സ്വകാര്യ വാഹനങ്ങളോ എത്തിയില്ല. 2.30 നാണ് കോട്ടത്തറയിൽ നിന്നും ആംബുലൻസ് എത്തിയത്. റോഡ് മോശമായതിനാൽ ആനവായ് എന്ന സ്ഥലം വരെയാണ് ആംബുലൻസിന് എത്താൻ കഴിഞ്ഞുള്ളൂ. അതിനാൽ ആനവായ വരെയുളള ദൂരം യുവതിയെ ബന്ധുക്കൾ ചേർന്ന് തുണിയിൽ കെട്ടി ചുമന്ന് എത്തിക്കുകയായിരുന്നു. മൂന്നര കിലോമീറ്റർ ചുമന്നെത്തിച്ച് അതിന് ശേഷം യുവതിയെ ആംബുലൻസിൽ കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്.
സമയത്ത് വാഹനം കിട്ടാത്തതിനെ തുടർന്നാണ് ഗർഭിണിയായ ഭാര്യയെ തുണി മഞ്ചലിൽ കൊണ്ടു പോയതെന്ന്
സുമതിയുടെ ഭർത്താവ് മുരുകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റോഡ് മോശമായതാണ് പ്രതിസന്ധിയായത്. വണ്ടി കിട്ടിയിരുന്നെങ്കിൽ പുലർച്ചെ രണ്ടരക്കെങ്കിലും ആശുപത്രിയിൽ എത്തിക്കാമായിരുന്നുവെന്നും മുരുകൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam