K Rail : 'അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വയ്ക്കുന്നത് ബിജെപി'; പ്രതിപക്ഷ സമരം പരിഹാസ്യമെന്ന് എ വിജയരാഘവൻ

Published : Mar 23, 2022, 01:49 PM ISTUpdated : Mar 23, 2022, 02:18 PM IST
K Rail : 'അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വയ്ക്കുന്നത് ബിജെപി'; പ്രതിപക്ഷ സമരം പരിഹാസ്യമെന്ന് എ വിജയരാഘവൻ

Synopsis

കെ റെയിൽ പദ്ധതി ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രികയുടെ ഭാഗമാണെന്നും കെ റെയിലിന്റെ കാര്യത്തിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്നും വിജയരാഘവന്‍ പറഞ്ഞു.

കോഴിക്കോട്: കെ റെയിലിനെതിരായ (K Rail) പ്രതിപക്ഷം സമരം പരിഹാസ്യമാണെന്ന് എ വിജയരാഘവൻ. യാഥാർത്ഥ്യ ബോധത്തോടെ വികസനം കാണുന്നവർക്ക് പദ്ധതിയെ എതിർക്കാനാകില്ല. കെ റെയിൽ പദ്ധതി ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രികയുടെ ഭാഗമാണെന്നും കെ റെയിലിന്റെ കാര്യത്തിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്നും വിജയരാഘവന്‍ (A Vijayaraghavan) പറഞ്ഞു. അവ്യക്തത ഉണ്ട്‌ എന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. സിപിഐ നേതാവ് പ്രകാശ് ബാബുവിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രേരിതമായ സമരങ്ങളാണ് ഇവിടെ നടക്കുന്നത്. കോൺഗ്രസിന്റെ കൊടി പിടിക്കുന്നവർ നാട്ടുകാർ അല്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

പ്രതിപക്ഷ സമരങ്ങൾക്ക് പിന്നിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഉള്ളത് എന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ ആരോപിച്ചു. സമരത്തിന് എത്തുന്നവർക്ക് ഭക്ഷണം നൽകുന്നതിന് കഞ്ഞി വെക്കുന്നതും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിജയരാഘവൻ രാഷ്ട്രീയ ആരോപണമുന്നയിച്ചത്. അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വയ്ക്കുന്നത് ബിജെപി, അടുപ്പ് കൂട്ടുന്നത് എസ്ഡിപിഐ, തീ കത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമി എന്നതാണ് സമരത്തിൽ കാണുന്നത് എന്ന് എ വിജയരാഘവൻ ആരോപിച്ചു. മാടപള്ളിയിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഇടതുമുന്നണി തെങ്ങണയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ.

പ്രതിഷേധം തുടരുന്നു

കെ റെയിലിനെതിരായ പ്രതിഷേധം ഇന്നും തുടരുകയാണ്. എറണാകുളം ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വ്വേക്ക് എതിരെ വീണ്ടും പ്രതിഷേധം ഉയര്‍ന്നു.  എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് എത്തിയിട്ടുള്ളത്. ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കെ റെയിൽ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വലിയ സംഘര്‍ഷമുണ്ടായതോടെ കല്ല് സ്ഥാപിക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്ന് വ്യക്തമാക്കിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചത്. ഇരുനൂറോളം പേരാണ് സ്ഥലത്ത് സംഘടിച്ചിരിക്കുന്നത്. 

പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം കെ റെയില്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ വ്യാപക പ്രചാരണം നടത്താൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു.പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുമെടുത്തിരുന്നു. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് കൊണ്ട് സമരം ശക്തമാക്കാനാണ് മറുവശത്ത് കോണ്‍ഗ്രസ് തീരുമാനം.

സില്‍വര്‍ ലൈന്‍ പ്രതിഷേധം കനക്കുന്നു, നേരിടാനുറച്ച് സര്‍ക്കാരും സിപിഎമ്മും 

സില്‍വര്‍ലൈന്‍ പ്രതിഷേധം കനക്കുമ്പോള്‍ സമരത്തേയും സമരക്കാരെയും നേരിടാനുറച്ച് സര്‍ക്കാരും സിപിഎമ്മും.  ജനങ്ങളും പ്രതിപക്ഷവും തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ അതേ നാണയത്തില്‍ നേരിടുമെന്ന് സൂചനയാണ് മുഖ്യമന്ത്രിയുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും നല്‍കുന്നത്. ആളെ കൂട്ടിയുള്ള സമരം ഇതേരീതിയില്‍ പോകുകയാണെങ്കില്‍ നമുക്ക് കാണാമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഇപി ജയരാജന്‍ സ്വരം കടുപ്പിച്ച് സമരക്കാരെ പരിഹസിച്ചു. തെക്കും വടക്കുമില്ലാത്ത വിവരദോഷികളാണ് സമരത്തിന് പിന്നിലെന്നാണ് ഇപി ജയരാജന്റെ ആക്ഷേപം.

പ്രതിപക്ഷ നിലപാട്

സിൽവർ ലൈൻ പദ്ധതി ഭൂമിയേറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണപക്ഷ നേതാക്കൾ സമരക്കാരെ അധിക്ഷേപിച്ചത് കൊണ്ടുമാത്രം സമരമില്ലാതാകില്ലെന്നും പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ജയിലിൽ പോയും സമരക്കാരെ സംരക്ഷിക്കുമെന്നും സതീശൻ വ്യക്തമാക്കി. 

കെ റെയിൽ പ്രതിഷേധക്കാരെ വിമർശനമുന്നയിച്ച ഇപി ജയരാജനെയും മന്ത്രി സജി ചെറിയാനെയും രൂക്ഷ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. പിണറായിയുടെ രാജസദസ്സിലെ വിദൂഷകൻമാരാണ് സജി ചെറിയാനും ഇപി ജയരാജനുമെന്നും സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. 

പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകസമരത്തെ നേരിട്ടതു പോലെയാണ് മുഖ്യമന്ത്രി പിണറായി സർക്കാർ സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തെ നേരിടുന്നത്. പിണറായിയെ ഭയക്കുന്നതിനാൽ കൂടെ നിൽക്കുന്നവരാണ് പലരും. പക്ഷേ ജനങ്ങളെ അതിൽ കൂട്ടരുത്. ഞങ്ങൾക്കെതിരെ ബിജെപി ബന്ധം ആരോപിച്ചാലൊന്നും സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും സതീശൻ വ്യക്തമാക്കി. 

കെ സുരേന്ദ്രൻ

ശബരിമല സമരകാലത്തെ ഓര്‍മിപ്പിച്ചാണ് ബിജെപി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്. അതിശക്തമായ പ്രക്ഷോഭവും തിരിച്ചടിയും നേരിടേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 'ചങ്ങനാശ്ശേരിയാണ് സമരകേന്ദ്രം എന്ന് സിപിഎം പറയുന്നത് വിഭാഗീയത ഉണ്ടാക്കാൻ വേണ്ടിയാണ്. അതിര് കല്ലുകൾ പിഴുതെറിഞ്ഞ് കൊണ്ടിരിക്കുന്നുകയാണ്. സമരത്തെ ബിജെപിയും പിന്തുണക്കും. പ്രതിഷേധങ്ങളിൽ കോൺഗ്രസുമായി വേദി പങ്കിടില്ല. എന്നാല്‍, ജനങ്ങളുടെ സമരത്തിൽ ഒപ്പമുണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം
ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി