
കണ്ണൂർ: ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി സിപിഎം (CPM)നേരിടുമ്പോള്‍ പാര്‍ട്ടിയെ നയിക്കുകയെന്ന നിര്‍ണായക ദൗത്യം സീതാറാം യെച്ചൂരിക്ക് തന്നെ. മൂന്നാം തവണയും ജനറൽ സെക്രട്ടറിയായി സിതാറാം യെച്ചൂരി തുടരും. പൊളിറ്റ് ബ്യൂറോ അംഗസംഖ്യ 17 ൽ നിലനിർത്താനാണ് പാർട്ടി കോൺഗ്രസ് തീരുമാനം. മൂന്ന് അംഗങ്ങളാണ് ഇത്തവണ പിബിയിൽ നിന്നും ഒഴിഞ്ഞത്. പകരം കേരളത്തിൽ നിന്നുള്ള നിലവിലെ കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ, മഹാരാഷ്ട്രയിൽ നിന്നും അശോക് ധാവ്ല, ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളിൽ നിന്ന് രാമചന്ദ്ര ഡോം എന്നിവർ പൊളിറ്റ്ബ്യൂറോയിലേക്ക് എത്തും. ബിമൻ ബോസ്, ഹന്നൻ മൊള്ള, എന്നിവരുടെ ഒഴിവിലേക്കാണ് അശോക് ധാവ്ല, രാമചന്ദ്ര ഡോം എന്നിവരെത്തുന്നത്. 58 വർഷത്തിന് ശേഷം സിപിഎം പിബിയിലെ ആദ്യ ദളിത് പ്രതിനിധിയായാണ് രാമചന്ദ്ര ഡോം എത്തുന്നത്.
പ്രായപരിധിയെ തുടർന്ന് ഒഴിഞ്ഞ എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തിൽ നിന്നും കേന്ദ്രതലത്തിൽ പ്രവർത്തിക്കാൻ വിജയരാഘവൻ പിബിയിലേക്ക് എത്തുന്നത്. നിലവിൽ എൽഡിഎഫ് കൺവീനറായ അദ്ദേഹത്തിന് കോടിയേരി മാറിനിന്നപ്പോൾ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിച്ചതും നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചതും തുണയായി
85 അംഗ കേന്ദ്ര കമ്മിറ്റിയിലെ 84 പ്രതിനിധികളെയും പ്രഖ്യാപിച്ചു. 17 പേർ പുതുമുഖങ്ങളാണ്. കേരളത്തിൽ നിന്നും പി രാജീവ്, കെ എൻ ബാലഗോപാൽ, സി എസ് സുജാത, പി സതീദേവി എന്നിവർ കേന്ദ്ര കമ്മിറ്റിയിലേക്ക് പുതിയതായി എത്തി. 15 പേർ വനിതകളാണ്. പിബിയിലെ ദളിത് പ്രാതിനിധ്യം 23 ാം പാർട്ടി കോൺഗ്രസിൽ വളരെ പ്രധാന്യത്തോടെ പരിഗണിക്കപ്പെട്ടു. കെ രാധാകൃഷ്ണൻ, എകെ ബാലൻ എന്നിവർ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ രാമചന്ദ്ര ഡോമിലേക്ക് ധാരണയാകുകയായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമായ രാമചന്ദ്ര ഡോം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ് അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam