'ചവിട്ടിപ്പുറത്താക്കാനാവില്ല,നടപടിക്രമങ്ങളുമായി സഹകരിക്കും'; ജാതി പറഞ്ഞ് സുധാകരന്‍ അവഹേളിച്ചെന്നും തോമസ്

By Web TeamFirst Published Apr 10, 2022, 1:01 PM IST
Highlights

ജാതി പറഞ്ഞ് നിരന്തരം അവഹേളിക്കുകയാണ് സുധാകരനെന്നും കെ വി തോമസ് ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ അറിയുമായിരുന്നെങ്കിൽ സുധാകരൻ ആ പദപ്രയോഗം നടത്തുമായിരുന്നില്ലെന്നും കെ വി തോമസ്.

കണ്ണൂര്‍: എഐസിസി നടപടിക്രമങ്ങളുമായി സഹകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് (K V Thomas). നടപടി സംഘടനാപരമായേ തീരുമാനിക്കൂ എന്ന് നേരത്തെ പറഞ്ഞിരുന്നു. വെറുതെ ചവിട്ടിപ്പുറത്താക്കാനാവില്ലെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജാതി പറഞ്ഞ് നിരന്തരം അവഹേളിക്കുകയാണ് സുധാകരനെന്നും കെ വി തോമസ് ആരോപിച്ചു.

മത്സ്യത്തൊഴിലാളികളെ അറിയുമായിരുന്നെങ്കിൽ സുധാകരൻ ആ പദപ്രയോഗം നടത്തുമായിരുന്നില്ല. ഞാനാരാണെന്ന് സുധാകരനിപ്പോഴും മനസ്സിലായിട്ടില്ല. എന്നാക്കെതിരായി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ സുധാകരൻ എന്നെ മനസ്സിലാക്കിയിട്ടില്ല. ഇതിന് സമാനമായി സുധാകരനെപ്പറ്റി പറയാൻ കണ്ണൂരിൽ ഒരുപാട് ആളുണ്ട്. അങ്ങനെ പറഞ്ഞാലോ എന്നും അദ്ദേഹം ചോദിച്ചു. വാശിയും വൈരാഗ്യവും വേണ്ടല്ലോ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്യാതെ ഇരുന്നതെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

കെ വി തോമസിനോട് എഐസിസി വിശദീകരണം തേടിയ ശേഷമാകും തുടർനടപടി സ്വീകരിക്കുക. കെ വി തോമസിന് എതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. സമിതി നാളെ യോഗം ചേരും. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ എടുത്ത് ചാടി വിലക്ക് ഏർപെടുത്തിയോ എന്ന ചോദ്യത്തിന് താൻ ഉത്തരം പറയാനില്ല. വിലക്ക് വന്ന സാഹചര്യത്തിൽ എഐസിസി അതിനെ മറികടക്കണ്ടെന്ന് തീരുമാനിച്ചതാണ്.  പിണറായി വിജയനുമായി കെ വി തോമസിന് അടുത്ത ബന്ധമെന്ന് തെളിഞ്ഞു. പിണറായിയുടെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നും വേണുഗോപാല്‍ പറഞ്ഞു. 

     തോമസ് പുറത്തേക്ക്, തീരുമാനം നാളെ

പാർട്ടി വിലക്ക് ലംഘിച്ച കെ വി തോമസിനെതിരായ അച്ചടക്കനടപടി വേണമെന്ന് കെപിസിസി ശുപാർശ അച്ചടക്കസമിതിക്ക് വിട്ട് എഐസിസി. നാളെ ചേരുന്ന അച്ചടക്കസമിതി തോമസിൽ നിന്നും വിശദീകരണം തേടിയതിന് പിന്നാലെ നടപടിയിലേക്ക് നീങ്ങും. പിണറായി സ്തുതിയോടെ തോമസിനോട് മൃദുസമീപനം എടുത്തവരടക്കം എല്ലാ സംസ്ഥാന നേതാക്കളും നടപടി എന്ന ആവശ്യത്തിലുറച്ചുനിൽക്കുന്നു.

പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം വേദിയിലെത്തി പിണറായിയെ പുകഴ്ത്തി കെ റെയിലിനെ പിന്തുണച്ച തോമസും കോൺഗ്രസ്സും തമ്മിലെ ബന്ധം തീരാൻ ഇനി സാങ്കേതിക നടപടിക്രമം മാത്രം ബാക്കി. വിലക്കിലും അച്ചടക്ക നടപടിയിലും കെപിസിസിയുടെ നിലപാടിനൊപ്പമാണ് ഹൈക്കമാൻഡ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് കെപിസിസി ശുപാർശ അച്ചടക്ക സമിതിക്ക് വിട്ടത്. എ കെ ആൻ്റണി അധ്യക്ഷനായ സമിതി നാളത്തെന്നെ യോഗം ചേരുന്നതും സംസ്ഥാന ഘടകത്തിൻ്റെ പൊതുവികാരം കണക്കിലെടുത്താണ്. 

തോമസിനോടുള്ള സമീപനത്തിൽ സംസ്ഥാനത്തെ ചില നേതാക്കൾക്ക് കെപിസിസിയുടെ പിടിവാശിയിൽ നേരത്തെ എതിർപ്പുണ്ടായിരുന്നു. എന്നാൽ സെമിനാറിലെ കെ വി തോമസിൻ്റെ പ്രസംഗത്തോടെ ഇന്നലെ മൃദുസമീപനം എടുത്ത കെ മുരളീധരൻ അടക്കം എല്ലാ നേതാക്കളും ഉടൻ കടുത്ത നടപടി എന്ന നിലയിലേക്ക് മാറി. അതേസമയം നടപടിക്കെടുക്കുന്ന സമയവും രീതികളും എടുത്ത് പറഞ്ഞ് കെ സുധാകരൻ്റെ അടിയന്തിര നടപടിയാവശ്യം നടപ്പായില്ലല്ലോ എന്ന് പറഞ്ഞാണ് തോമസിൻ്റെ പ്രതികരണം.

അച്ചടക്കസമിതിയിൽ നിന്നും ആശ്വാസകരമായ എന്തെങ്കിലും തോമസും പ്രതീക്ഷിക്കുന്നില്ല. പ്രസംഗം തീർന്ന ഉടൻ ഇനി തോമസ് പുറത്തായിരിക്കുമെന്ന ഇന്നലെ തന്നെ കെപിസിസി അധ്യക്ഷൻ പ്രഖ്യാപിച്ചിരുന്നു. സാവകാശമെടുത്താലും കെപിസിസി വികാരം ഉൾക്കൊണ്ട് തന്നെയാണ് ദില്ലി തീരുമാനം.

click me!