ഇരട്ടക്കൊലപാതകം: 'പ്രതി സജീവിനെ അടൂര്‍ പ്രകാശ് കണ്ടിട്ടുണ്ട്', തീയതി പിന്നീട് വെളിപ്പെടുത്തുമെന്നും റഹീം

By Web TeamFirst Published Sep 4, 2020, 1:15 PM IST
Highlights

കൊല്ലപ്പെട്ടവര്‍ സ്വയരക്ഷയ്ക്കായി ആയുധങ്ങള്‍ കരുതിയതാകാമെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ പ്രസ്താവനയും ഡിവൈഎഫ്ഐ തളളി.

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ  റഹീം. കേസിലെ മുഖ്യപ്രതികളിലൊരാളായ സജീവിനെ അടൂര്‍ പ്രകാശ് എംപി കണ്ടിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആരോപിച്ചു. എന്നാല്‍ ഇരുവരും കണ്ട തീയതി പിന്നീട് വെളിപ്പെടുത്തുമെന്നും റഹീം പറഞ്ഞു.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് പുരുഷോത്തമന്‍ നായര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തെന്നും റഹീം ആരോപിച്ചു. കേസിൽ അവസാനം അറസ്റ്റിലായ പ്രതി ഉണ്ണി കോൺഗ്രസ് ഭാരവാഹിയാണ്. കേസിൽ പ്രതികളായവരെ പുറത്താക്കാനോ നടപടിയെടുക്കാനോ കോണ്‍ഗ്രസ് തയാറായിട്ടില്ലെന്നും റഹീം കുറ്റപ്പെടുത്തി. 

കൊല്ലപ്പെട്ടവര്‍ സ്വയരക്ഷയ്ക്കായി ആയുധങ്ങള്‍ കരുതിയതാകാമെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ പ്രസ്താവനയും ഡിവൈഎഫ്ഐ തളളി. കൊല്ലപ്പെട്ടവരുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ വിശദീകരിച്ചു. 

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്. മുഖ്യപ്രതികളിൽ ഒരാളായ ഉണ്ണിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്നയാളാണ് ഉണ്ണി. കൊലയാളി സംഘത്തിലുണ്ടായ സജീവിനെയും സനലിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. സംഘത്തിലെ നാലാമനും രണ്ടാം പ്രതിയുമായ അൻസറിനായുള്ള തിരച്ചിൽ തുടരുകയാണ്.

 

click me!