Latest Videos

വയനാട്ടിൽ ഉരുൾപൊട്ടിയ മേഖലയിൽ ഖനന നീക്കം; വനമേഖലയോട് ചേർന്നും ഖനനത്തിന് അപേക്ഷ

By Web TeamFirst Published Oct 5, 2020, 7:28 AM IST
Highlights

മുട്ടിൽമല, മാണ്ടാട്, മുണ്ടുപ്പാറകുന്ന്, എന്നിവിടങ്ങളിൽ ക്രഷർ തുടങ്ങാനാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതിയിൽ കൃഷ്ണഗിരി സ്റ്റോൺ ക്രഷർ കമ്പനി അപേക്ഷ നൽകിയിരിക്കുന്നത്. വനത്തിനടുത്ത് ആദിവാസികൾ താമസിക്കുന്ന മേഖലയോട് ചേർന്ന ഭൂമിയും അപേക്ഷ നൽകിയതിൽ ഉൾപ്പെടുന്നു. 

വയനാട്: വയനാട്ടിൽ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ച സ്ഥലത്ത് ക്വാറി തുടങ്ങാൻ നീക്കം. പരിസ്ഥിതി പ്രാധാന്യമുള്ള മണിക്കുന്ന് മല, മുട്ടിൽമല എന്നിവിടങ്ങളിലായി കരിങ്കൽ ക്രഷർ തുടങ്ങാൻ സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതി മുൻപാകെ നാല് അപേക്ഷകളാണ് ജില്ലയിലെ വൻകിട ക്രഷർ ഗ്രൂപ്പ് നൽകിയിരിക്കുന്നത്.

2018 ൽ ഉരുൾപൊട്ടി ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് പേർ മരിച്ച സ്ഥലമാണ് മുട്ടിൽമല. വ്യാപക മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. മുട്ടിൽമല, മാണ്ടാട്, മുണ്ടുപ്പാറകുന്ന്, എന്നിവിടങ്ങളിൽ ക്രഷർ തുടങ്ങാനാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതിയിൽ കൃഷ്ണഗിരി സ്റ്റോൺ ക്രഷർ കമ്പനി അപേക്ഷ നൽകിയിരിക്കുന്നത്. വനത്തിനടുത്ത് ആദിവാസികൾ താമസിക്കുന്ന മേഖലയോട് ചേർന്ന ഭൂമിയും അപേക്ഷ നൽകിയതിൽ ഉൾപ്പെടുന്നു. 

സ്കൂളുകൾ, ആരാധാനാലയങ്ങൾ എന്നിവയുണ്ടെന്ന കാര്യം മറച്ച് വെച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. മുട്ടിൽമല-മണിക്കുന്നമല മേഖല അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതാണെന്ന അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു മുൻ ജില്ലാ കലക്ടർ ഇവിടെയുണ്ടായിരുന്ന ക്വാറിയുടെ പ്രവർത്തനം നിരോധിച്ചത്. 

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോർട്ടിലും മണ്ണിടിച്ചിൽ സാധ്യത ചൂണ്ടികാണിച്ചിട്ടുണ്ട്. വീട് നിർമ്മാണത്തിന് പ്രദേശവാസികൾക്ക് പഞ്ചായത്ത് അനുമതി നിഷേധിച്ച സ്ഥലത്താണ് ക്വാറികൾക്ക് അപേക്ഷ നൽകിയിരിക്കുന്നത്.

മലബാർ വന്യജീവി സങ്കേതത്തിന്‍റെ ഒരു കിലോമീറ്റർ ദൂരപരിധി പരിസ്ഥിതി ലോല മേഖലയാക്കി പ്രഖ്യാപിച്ചതോടെ ഈ മേഖലകളിലുണ്ടായിരുന്ന വിവിധ ക്വാറികളും മറ്റിടങ്ങളിലേക്ക് മാറ്റാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഈ ക്രഷർ യൂണിറ്റുകൾക്കെല്ലാം അനുമതി നൽകിയാൽ വലിയ പരിസ്ഥിതി പ്രത്യാഘാതമായിരിക്കും ജില്ല നേരിടേണ്ടി വരിക.

click me!