ഇനി ഒപ്പിട്ട് മുങ്ങാനാവില്ല; സർക്കാർ ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിംഗ് നിർബന്ധമാക്കി ഉത്തരവിറങ്ങി

By Web TeamFirst Published May 6, 2019, 7:46 PM IST
Highlights

സിവില്‍ സ്റ്റേഷനുകളില്‍ മൂന്നുമാസത്തിനകം പഞ്ചിംഗ് സംവിധാനം ഉറപ്പുവരുത്തണമെന്നും പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ പറയുന്നു.
 

തിരുവനന്തപുരം: സർക്കാര്‍ ജീവനക്കാര്‍ക്ക് ആധാര്‍ അധിഷ്ഠിത ബയോമെട്രിക്ക് പഞ്ചിംഗ് നിർബന്ധമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക്ക് പഞ്ചിംഗ് നടപ്പാക്കാനുള്ള കൃത്യമായ   മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഭരണനവീകരണത്തിന്‍റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും കൃത്യനിഷ്ട ഉറപ്പുവരുത്തുന്നതിനുമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് സിസ്റ്റം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയേയും നിയോഗിച്ചിരുന്നു. ഈ സമതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

സർക്കാരിന്‍റെ ഓൺലൈൻ സംവിധാനം മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭാസ സ്ഥാപനങ്ങളിലും ആറു മാസത്തിനകം ആധാര്‍ അധിഷ്ടിത ബോയെമെട്രിക് സംവിധാനം   സ്ഥാപിക്കണം. ഓൺലൈൻ സംവിധാനം നിലവിലില്ലാത്ത ഓഫീസുകളില്‍ ബയോമെട്രിക് മെഷീനുകള്‍ വാങ്ങി മേലധികാരികള്‍ ജീവനക്കാരുടെ ഹാജര്‍ നിരീക്ഷിക്കണം.വകുപ്പുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ബയോമെട്രിക്ക് മെഷീനുകള്‍ നേരിട്ടോ കെല്‍ട്രോണ്‍ മുഖേനയോ വാങ്ങി സ്ഥാപിക്കാമെന്നും ഇതിനുള്ള ചെലവ് അതാത് വകുപ്പുകള്‍ ബജറ്റ് വിഹിതത്തില്‍ നിന്ന് എടുക്കണമെന്നും ഉത്തരവിൽ പൊതുഭരണ വകുപ്പ് നിർദ്ദേശിക്കുന്നു.

സംസ്ഥാന വ്യാപകമായി പഞ്ചിംഗ് മെഷിനുകള്‍ സ്ഥാപക്കുന്നതിന്‍റെ പുരോഗതി നിരീക്ഷിക്കാനുള്ള ഉത്തരവാദിത്വം ഐടി മിഷനാണ് നൽകിയിരിക്കുന്നത്. ഓരോ വകുപ്പിലും പഞ്ചിംഗ് സംവിധാനം കൃത്യമായി നടപ്പിലാക്കേണ്ട ചുമതല അതാത് വകുപ്പ് സെക്രട്ടറിമാര്‍ക്കും വകുപ്പ് മേധാവിക്കുമായിരിക്കും. സിവില്‍ സ്റ്റേഷനുകളില്‍ മൂന്നുമാസത്തിനകം പഞ്ചിംഗ് സംവിധാനം ഉറപ്പുവരുത്തണമെന്നും പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍  സെക്രട്ടറി ബിശ്വനാഥ് സിന്‍ങയുടെ ഉത്തരവില്‍ പറയുന്നു.

click me!