തിരൂരില്‍ അക്ഷയ കേന്ദ്രത്തിലെ ആധാർ മെഷീനിൽ നുഴഞ്ഞുകയറി വ്യാജ ആധാര്‍ കാര്‍ഡ്; ഗൂഗിളിന്‍റെ സഹായം തേടി പൊലീസ്

Published : Feb 18, 2024, 07:35 AM IST
തിരൂരില്‍ അക്ഷയ കേന്ദ്രത്തിലെ ആധാർ മെഷീനിൽ നുഴഞ്ഞുകയറി വ്യാജ ആധാര്‍ കാര്‍ഡ്; ഗൂഗിളിന്‍റെ സഹായം തേടി പൊലീസ്

Synopsis

ദില്ലിയിലെ യുഐഡി അഡ്മിന്‍ ആണെന്ന് പരിചയപ്പെടുത്തി അക്ഷയ കേന്ദ്രത്തിലേക്ക് വിളിച്ചയാള്‍ വെരിഫിക്കേഷനായി എനി ഡെസ്ക് എന്ന സോഫ്റ്റ് വെയര്‍ കണക്ട് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു

മലപ്പുറം: തിരൂരില്‍ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീന്‍ ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ച കേസില്‍ ഗൂഗിളിന്‍റെ സഹായം തേടി പൊലീസ്. അക്ഷയ കേന്ദ്രത്തിലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച സോഫ്റ്റ് വെയറിലെ ലോഗിന്‍ വിവരങ്ങള്‍ക്കായി പൊലീസ് ഗൂഗിളിന് ഇ മെയില്‍ സന്ദേശം അയച്ചു. വ്യാജ ആധാര്‍ നിര്‍മ്മിച്ച സംഘം, അക്ഷയകേന്ദ്രം അധികൃതരെ ബന്ധപ്പെട്ട മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

തിരൂര്‍ ആലിങ്ങല്‍ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീനില്‍ നുഴഞ്ഞു കയറി വ്യാജമായി സൃഷ്ടിച്ചെടുത്തത് 38 ആധാര്‍ കാര്‍ഡുകളാണ്. വ്യാജ ആധാറുകള്‍ കണ്ടെത്തിയതാവട്ടെ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും. അക്ഷയ കേന്ദ്രം അധികൃതരുടെ പരാതിയില്‍ ഐ ടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് തിരൂര്‍ പൊലീസ് കേസെടുത്തത്. പിന്നീട് കേസ് സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറി. അക്ഷയ കേന്ദ്രം അധികൃതരെ തട്ടിപ്പ് സംഘം ബന്ധപ്പെട്ട മൊബൈല്‍ നമ്പറിന്‍റെ ഉടമയെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. സന്ദേശങ്ങള്‍ അയച്ച വാട്സാപ് നമ്പറിന്‍റെ വിശദാംശങ്ങള്‍ക്കായി മൊബൈല്‍ കമ്പനിയേയും ബന്ധപ്പെട്ടു. 

ദില്ലിയിലെ യുഐഡി അഡ്മിന്‍ ആണെന്ന് പരിചയപ്പെടുത്തി അക്ഷയ കേന്ദ്രത്തിലേക്ക് വിളിച്ചയാള്‍ വെരിഫിക്കേഷനായി എനി ഡെസ്ക് എന്ന സോഫ്റ്റ് വെയര്‍ കണക്ട് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇയാളുടെ നിര്‍ദേശാനുസരണം തിരൂരിലെ ഒരാളുടെ ആധാര്‍ എന്‍ റോള്‍മെന്‍റ് ചെയ്തതിന് പിന്നാലെ എനി ഡെസ്ക് കണക്ഷന്‍ വിച്ഛേദിച്ചു. ഈ സോഫ്റ്റ് വെയറിന്‍റെ ലോഗിന്‍ വിശദാംശങ്ങള്‍ക്കായാണ് സൈബര്‍ ക്രൈം വിഭാഗം ഗൂഗിളിന്‍റെ സഹായം തേടിയിരിക്കുന്നത്. ഐ പി അഡ്രസ്സുള്‍പ്പെടെ ലഭിച്ചാല്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്ന പ്രതീക്ഷയിലാണ് സൈബര്‍ ക്രൈം വിഭാഗം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. 

വ്യാജമായി നിര്‍മ്മിച്ച ആധാർ കാര്‍ഡിലെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യപ്പെട്ടത് തിരൂരിലാണെങ്കിലും ബയോ മെട്രിക് വിവരങ്ങള്‍ ചേര്‍ത്തത് പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. ചാരപ്രവര്‍ത്തനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനായാണ് വ്യാജ ആധാര്‍കാര്‍ഡുണ്ടാക്കിയതെന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്. 38 വ്യാജ ആധാര്‍ കാര്‍ഡുകളും അധികൃതര്‍ സസ്പെന്‍റ് ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്
ശബരിമല സ്വർണക്കൊള്ള; പ്രവാസി വ്യവസായിയിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി