ആധാര്‍ സേവനങ്ങള്‍ തകരാറില്‍; സോഫ്ട് വെയറിലെ തകരാര്‍ തുടരുന്നു; 80 ശതമാനം കേന്ദ്രങ്ങളിലും സേവനങ്ങളില്ല

By Web TeamFirst Published May 14, 2019, 9:39 AM IST
Highlights

പുതുതായി ആധാര്‍  എടുക്കല്‍, ആധാറിലെ തെറ്റുകള്‍ തിരുത്തല്‍, ബയോമെട്രിക് അപ്ഡേറ്റ് തുടങ്ങിയ സേവനങ്ങളൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്തെ 80 ശതമാനം കേന്ദ്രങ്ങളിലും ഈ തകരാറുണ്ട്.

കോഴിക്കോട്:  സംസ്ഥാനത്തെ ആധാര്‍ സേവനങ്ങള്‍ തകരാറില്‍. ആധാര്‍ സേവന കേന്ദ്രങ്ങളിലെ സോഫ്ട് വെയര്‍ തകരാറിലായതാണ് കാരണം. തകരാറ് പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് വിശദീകരണം. ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്ട് വെയറായ എന്‍ റോള്‍മെന്‍റ് ക്ലയന്‍റ് മള്‍ട്ടി പ്ലാറ്റ്ഫോമിലെ തകരാറാണ് സേവനങ്ങള്‍ തടസപ്പെടാന്‍ കാരണം. 

പുതുതായി ആധാര്‍  എടുക്കല്‍, ആധാറിലെ തെറ്റുകള്‍ തിരുത്തല്‍, ബയോമെട്രിക് അപ്ഡേറ്റ് തുടങ്ങിയ സേവനങ്ങളൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്തെ 80 ശതമാനം കേന്ദ്രങ്ങളിലും ഈ തകരാറുണ്ട്. കഴിഞ്ഞ മാസം 24 ന് സോഫ്ട് വെയര്‍ അപ്ഡേറ്റ് ചെയ്തത് മുതലാണ് തകരാറ് തുടങ്ങിയത്. ആഴ്ച മൂന്നായിട്ടും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.

സോഫ്ട് വെയര്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഒരാഴ്ചകൊണ്ട് ശരിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ വിശദീകരിക്കുന്നു. പരീക്ഷകള്‍ കഴിഞ്ഞ് പുതിയ പ്രവേശേനങ്ങള്‍ നടക്കുന്ന കാലമായതിനാല്‍ ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്.

click me!