
കൊച്ചി : ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി (aam admi)നേതാവുമായ അരവിന്ദ് കേജരിവാൾ(arvind kejrieal) കേരളത്തിലെത്തുന്നത് ബദൽ മുന്നണി(alternative front) പ്രഖ്യാപനത്തിന്. കിഴക്കന്പലത്തെ ട്വന്‍റി ട്വന്‍റി അടക്കമുളളവരുടെ സഹകരണത്തോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയൊരു മുന്നണിക്കെട്ടിപ്പടുക്കാനാണ് നീക്കം. ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ചെയർമാനാകുന്ന മുന്നണിയുടെ പ്രഖ്യാപനം ഈ മാസം 15ന് കിഴക്കന്പലത്തുണ്ടായേക്കും.
ഡൽഹിയും പഞ്ചാബും പിടിച്ചെടുത്ത ആം ആദ്മിക്ക് കേരളവും ബദൽ മുന്നണിക്ക് വളക്കൂറുളള മണ്ണാണെന്ന് തോന്നിത്തുടങ്ങിയിട്ട് കാലം കുറെയായി. ഇടതു വലതുമുന്നണികൾക്കപ്പുറത്ത് ശക്തമായ മറ്റൊരു ബദലില്ലാത്തത് കേരളത്തിൽ വലിയൊരു സാധ്യതയാണെന്നാണ് തിരിച്ചറിവ്. പ്രത്യേകിച്ചും നിക്ഷ്പക്ഷ മതികളായ വോട്ടർമാർ ഏറെയുളള കേരളം പോലൊരു സംസ്ഥാനത്ത്. ഇടത് - വലത് മുന്നണികളെ തഴഞ്ഞ് കിളക്കന്പലത്തടക്കം ട്വന്‍റി ട്വന്‍റി പോലുളള പ്രാദേശിക ബദലുകൾക്ക് പെട്ടെന്നുണ്ടായ വളർച്ച അനുകുലമാക്കാമെന്നാണ് കണക്കുകൂട്ടൽ. ഈ പ്രാദേശിക ബദലുകളെ കൂട്ടിച്ചേർത്ത് ബദൽ മുന്നണി രൂപീകരിക്കാനാണ് ആം ആദ്മിയുടെ നീക്കം.
ഒപ്പം വിവിധ പാർടികളിലുളള ഇമേജുളള നേതാക്കളേയും ലക്ഷ്യമിടുന്നു. കേരളത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമായാൽ ഇടത്- ബിജെപി വിരുദ്ധമുന്നണിയായി കളം പിടിക്കാനാണ് ശ്രമം. കിഴക്കന്പലത്ത് ഈ മാസം 15 ന് ട്വന്‍റി ട്വന്‍റി സംഘടിപ്പിക്കുന്ന യോഗത്തിൽ കേജരിവാൾ തന്നെ മുന്നണി പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. തൃക്കാക്കര നിയമസഭാ ഉപതരെഞ്ഞെടുപ്പ് കത്തിക്കയറുമെന്ന് കരുതുന്ന 15ന് കേജരിവാളിന്‍റെ സന്ദർശനത്തിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം കൈവരുമെന്നും ആം ആദ്മി കരുതുന്നു. മുന്നണി പ്രഖ്യാപനമുണ്ടായാൽ കൂടുതൽ നിക്ഷപക്ഷ മതികൾ തങ്ങളോട് അടുക്കുമെന്നും കൂടുതൽ പ്രദേശിക ബദലുകൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടന്നത്. ഇതുവഴി 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാവുകയാണ് ലക്ഷ്യം