
കണ്ണൂർ: തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമെന്ന് നാദാപുരത്തെ പ്രവാസി വ്യവസായി. ഏഷ്യാനെറ്റ് ന്യൂസിനോട് ഭീതിതമായ അനുഭവം പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം. കണ്ണും കൈയ്യും കെട്ടി വാഹനത്തിൽ കടത്തിക്കൊണ്ടു പോയി. ഖത്തറിലെ ബിസിനസുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകൽ. ഇന്നോവയിൽ മുഖം മറച്ച അഞ്ചംഗ സംഘമാണ് തന്നെ കൊണ്ടുപോയത്. കണ്ണും വായയും കൈയും കാലും കെട്ടി ഡിക്കിയിൽ ഇട്ടു. രണ്ടരമണിക്കൂർ യാത്ര ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
"2016 ൽ നടന്ന സംഭവമാണെന്ന് പറഞ്ഞു. സത്യം പറയണമെന്ന് പറഞ്ഞു. സത്യമല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബോസ് വിടാൻ പറഞ്ഞു എന്ന് പറഞ്ഞാണ് വിട്ടത്. താനോ ബന്ധുക്കളോ പണം കൊടുത്തിട്ടില്ല. എങ്ങനെ തന്നെ മോചിപ്പിച്ചു എന്നറിയില്ല. മലയാളികളായ മൂന്ന് ബിസിനസ് പങ്കാളികളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. രാമനാട്ടുകരയ്ക്കടുത്ത് വെച്ച് 500 രൂപ തന്ന് കെട്ടഴിച്ച് വിടുകയായിരുന്നു. ഒരു ചെറിയ വീട്ടിലെ മുറിയിലാണ് ചോദ്യം ചെയ്തത്.'
പയ്യോളി സ്വദേശി നിസാർ, കണ്ണൂർ സ്വദേശികളായി അലി, റഹിസ് എന്നിവരെ സംശയിക്കുന്നതായി അഹമ്മദ് പറഞ്ഞു. 'താനാർക്കും പണം കൊടുക്കാനില്ല. തനിക്ക് ഒരു കോടിയിലേറെ പലരിൽ നിന്ന് കിട്ടാനുണ്ട്. തട്ടിക്കൊണ്ടുപോയവരുടെ ഭാഷ തൃശൂർ, കാസർകോഡ് ഭാഷയാണ്. ക്വട്ടേഷൻ സംഘം ഒരു കണക്ക് കാണിച്ചു. ജോലിക്ക് നിർത്തിച്ച മാനേജറാണ് പയ്യോളി സ്വദേശി നിസാർ. റഹീസ്, അലി എന്നിവർ കണ്ണൂർ പയ്യന്നൂർ സ്വദേശികളാണ്. കുറേ നാളുകളായി ഈ സംഘം തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. തന്റെ എല്ലാ വിവരങ്ങളും അവർക്ക് അറിയാമായിരുന്നു. ഇച്ചാ ഇച്ചാ എന്നാണ് തട്ടിക്കൊണ്ടുപോയവർ വിളിച്ചത്. പിടിച്ച് കൊണ്ടുപോകുമ്പോ ഒരു തവണ മർദ്ദിച്ചതൊഴിച്ചാൽ പിന്നീട് മര്യാദയോടെ പെരുമാറി. ഭക്ഷണം തന്നിരുന്നു.'
'നിസാർ എന്ന മാനേജറാണ് റഹീസിനെയും അലിയെയും കമ്പനിയിൽ ചേർത്തത്. നിസാർ എനിക്കെതിരായി ഒരു കമ്പനി ഖത്തറിൽ തുടങ്ങി. സ്പോൺസർ നിസാറിൽ നിന്ന് എല്ലാം എഴുതിവാങ്ങിയിരുന്നു. ഈ മൂന്നു പേരോട് മാത്രമാണ് വ്യാപാര തർക്കം ഉണ്ടായത്. എന്നെ വെച്ച് ആരോ വില പേശുകയാണ് ചെയ്തത്. ഉണ്ടായ കാര്യം പോലീസിനോട് പറയും,' എന്നും അഹമ്മദ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam