ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്, 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി

Published : May 28, 2026, 08:35 AM ISTUpdated : May 28, 2026, 12:21 PM IST
abdul raheem

Synopsis

സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. എല്ലാവർക്കും നന്ദിയെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു. 

കോഴിക്കോട്: സൗദിയിൽ ജയിൽ മോചിതനായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തി. ഉമ്മ ഫാത്തിമയുടെ ആനന്ദ കണ്ണീർ ഉൾപ്പെടെ മനസ് നിറയുന്ന ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾക്കാണ് ഫറോക്ക് കോടമ്പുഴയിലെ തറവാട് വീട് ബലിപെരുന്നാൾ ദിനത്തിൽ സാക്ഷ്യം വഹിച്ചത്. തിരികെയെത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയെന്ന് റഹീം പ്രതികരിച്ചു. സ്പോൺസറുടെ മകന്റെ മരണത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിഞ്ഞിരുന്ന റഹീമിന്റെ മോചനത്തിനായി ദിയാധനം നൽകാൻ 35 കോടിയോളം രൂപ മലയാളികൾ സമാഹരിച്ചിരുന്നു. 

മലയാളിയുടെ പ്രവാസ ചരിത്രത്തിലെ സമാനതകളില്ലാത്ത നിയമ പോരാട്ടത്തിന്റെയും ചേർത്തുപിടിക്കലിന്റെയും നാൾവഴികളും അനിശ്ചിതത്വങ്ങളുടെ തീക്കടലുകളും പിന്നിട്ടു അബ്ദുൽ റഹീം ഒടുവിൽ ജനിച്ച മണ്ണിൽ തിരിച്ചെത്തി. രാവിലെ 8.30 യോടെ നിറകണ്ണുകളുമായി കരിപ്പൂർ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീമിനെ നിയമസഹായ സമിതിയും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. ബന്ധുക്കളും നാട്ടുകാരും സൂചികുത്താനിടയില്ലാത്ത വിധം നിറഞ്ഞു കവിഞ്ഞ തറവാട് മുറ്റത്തേക്കാണ് രണ്ടു പതിറ്റാണ്ടിന് ശേഷം റഹീം എത്തിയത്. ഇരുപത് വർഷക്കാലം നിറകണ്ണുകളും പ്രാർത്ഥനകളുമായി മകനെ കാത്തിരുന്ന ഉമ്മയ്ക്ക് സ്വപ്ന സാഫല്യം.

ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയ വീടിന്റെ തണലിൽ ഉമ്മയും മകനും കണ്ടുമുട്ടി. ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾക്കാണ് ഫറോഖ് കോടമ്പുഴയിലെ സീനത്തു മൻസിൽ എന്ന വീട് സാക്ഷിയായത്. 2006 ൽ സ്പോൺസറുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് റഹീം ജയിലിലാകുന്നതും വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നതും. ദീർഘകാലത്തെ നിയമ പോരാട്ടത്തിനൊടുവിൽ 35 കോടിയോളം രൂപ ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ സൗദി കുടുംബം സമ്മതിക്കുകയായിരുന്നു. 

ഒരു മലയാളിക്ക് വേണ്ടിയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പിരിവാണ് റഹീമിനു വേണ്ടി പിന്നീട് നടന്നത്. 2024 ജൂലൈ രണ്ടിന് സൗദി കുടുംബം 35 കോടിയോളം രൂപ ദിയാധനം സ്വീകരിച്ചതിന് പിന്നാലെ വധശിക്ഷ റദ്ദ് ചെയ്തെങ്കിലും സൗദി പബ്ലിക് റൈറ്റ്സ് കേസിലെ 20 വർഷത്തെ തടവ് ശിക്ഷ പൂർത്തിയാവാതെ റഹീമിന് പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. ഒടുവിൽ അതെല്ലാം മറികടന്നാണ് ഈ മടക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസിക്ക് മന്ത്രി സി പി ജോണിന്റെ വാക്ക്, 'പുറമ്പോക്കിലേക്ക് തള്ളിവിടില്ല, ഉമ്മൻചാണ്ടി സർക്കാർ കാലത്തെ പ്രതാപത്തിലേക്ക് കൊണ്ടുവരും'
സംസ്ഥാന പൊലീസ് മേധാവിയോട് വനിതാ കമ്മീഷന്‍റെ ചോദ്യം, സാവരിയയുടെ കൊലപാതകത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളെന്തൊക്കെ? ഒരാഴ്ചക്കകം റിപ്പോർട്ട് വേണം