അഭയ കേസ്; കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാൻ സിബിഐ നീക്കം

By Web TeamFirst Published Sep 9, 2019, 11:23 AM IST
Highlights

2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. ഇതുവരെ 11 സാക്ഷികളെയാണ് വിസ്തരിച്ചത്. 

തിരുവനന്തപുരം: അഭയ കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാൻ സിബിഐ നീക്കം തുടങ്ങി. കേസിൽ രഹസ്യമൊഴി നൽകിയ നാലാം സാക്ഷിയായ സഞ്ജു പി മാത്യു, അൻപതാം സാക്ഷി സിസ്റ്റർ അനുപമ എന്നിവർക്കെതിരെയാണ് സിബിഐ നിയമനടപടി സ്വീകരിക്കുക.

ക്രിമിനൽ ചട്ടപ്രകാരം സാക്ഷികൾക്കെതിരെ കേസെടുക്കണമെന്ന് സിബിഐ ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു. അനുമതി ലഭിച്ചാൽ ഈ മാസം പതിനാറോടുകൂടി കോടതിയിൽ ഇതുസംബന്ധിച്ചുള്ള അപേക്ഷ സമർപ്പിക്കും. കേസിന്റെ വിചാരണ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും നിയമനടപടികളിലേക്ക് കടക്കുക.

രഹസ്യമൊഴി നൽകിയ സാക്ഷികൾ അടിക്കടി മൊഴി തിരുത്തുന്നുവെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് കൂറുമാറിയ സാക്ഷികൾക്കെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലാ  എന്ന് സിബിഐയോട് സാക്ഷി വിസ്താരത്തിനിടെ കോടതി ആരാ‍ഞ്ഞു. ഇതിന്റെയും കൂടി അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ നിയമനടപടികൾ എടുക്കാൻ സിബിഐ തീരുമാനിച്ചത്.

2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇതുവരെ 11 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിൽ നാല് സാക്ഷികൾ കൂറുമായത്. സിസറ്റർ അനുപനയെയും സഞ്ജു പി മാത്യുവിനെയും കൂടാതെ ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി, ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ മറ്റ് സാക്ഷികൾ. 

click me!