
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നെടുമങ്ങാട് പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടിൽ ശരത്തിനെ (29) ആണ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനത്തിനാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശരത്തിന്റെ ഭാര്യ അഭിരാമിയെ വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവ സമയം ശരത്ത് വീട്ടിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രണ്ടര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത്ത് കല്യാണ നിശ്ചയം കഴിഞ്ഞ ഉടൻ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം അഭിരാമിയെ മർദിക്കുന്നത് പതിവായിരുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു. അഭിരാമിയുടെ ആത്മഹത്യയിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് ആർ. ഡി. ഒയുടെ സാനിധ്യത്തിലാണ് കഴിഞ്ഞ ദിവസം ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹം പോസ്റ്റ്‍മോർട്ടം നടത്തിയത്. ദമ്പതികൾക്ക് ഒന്നര വയസ്സ പ്രായമുള്ള ഒരു ആൺ കുഞ്ഞുമുണ്ട്. അറസ്റ്റിലായ ശരത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)