
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. എംഎൽഎ എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എംപി, തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്നാണ് കോടതി പറഞ്ഞത്. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണൻ, എ സി മൊയ്‌ദീൻ, എം എം വർഗീസ് അടക്കമുള്ള മുഴുവൻ എന്നിവർക്ക് കോടതി സമ്മൻസ് അയച്ചു. പ്രതിപ്പട്ടികയിലെ 28 പേർക്കാണ് സമ്മൻസ് അയച്ചത്. അടുത്ത മാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജിത ഭാസ്കർ, ശ്രീലത എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ. ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആര്‍ സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി ആര്‍ സുനില്‍ കുമാര്‍.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ നടന്നത്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. സിപിഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി ആദ്യം പൊലീസ് കേസെടുത്തത്. തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 31 പ്രതികളാണുള്ളത്. ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാർ, മാനേജരായിരുന്ന ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസ്, ജിൽസിന്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam