അക്കാന്തമീബയെ കണ്ടെത്തി സ്ഥിരീകരിച്ചു; മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം

Published : Jun 06, 2025, 04:07 PM IST
amoebic meningoencephalitis guidelines

Synopsis

സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലെ മോളിക്യുലാർ ലാബിലൂടെയാണ് രോഗ സ്ഥിരീകരണം നടന്നത്. ഇത് ചികിത്സയ്ക്കും ഗവേഷണത്തിനും സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രതിരോധത്തിനായി സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ മനുഷ്യരില്‍ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമിബകളെ (Naegleria fowleri, Acanthamoeba sp, Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താനുള്ള പിസിആര്‍ ലാബ് സജ്ജമാക്കിയിരുന്നു.

ഇതിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ കണ്ടെത്തിയതും സ്ഥീരികരിച്ചതും. നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും സമയബന്ധിതമായ മികച്ച ചികിത്സയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായത്. അമീബയെ പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ (വണ്‍ ഹെല്‍ത്ത്) അധിഷ്ഠിതമായി ആക്ഷന്‍ പ്ലാന്‍ സംസ്ഥാനം പുതുക്കിയിരുന്നു.

രോഗ പ്രതിരോധം, രോഗ നിര്‍ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും മൈക്രോബയോളജി വിഭാഗങ്ങളെ കൂടി അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ രോഗനിര്‍ണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'