
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പെൺസുഹൃത്തുമായുള്ള അടുപ്പത്തിനെ തുടർന്ന് യുവാവിനെ കൊല്ലാന്‍ ശ്രമിച്ച പ്രതി ദീപകിനെ പൊലീസ് പിടികൂടി. വർക്കല റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അക്രമം. സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും ട്രെയിനിൽ കാമുകിക്കൊപ്പം ഇറങ്ങിയപ്പോൾ ഋഷിജിത്ത് എന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയും ചെയ്തു. തുടർന്ന് സംഘം കടന്നു കളഞ്ഞു.
ഇന്ന് രാവിലെ ദീപകിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ആക്രമണ കാരണം വ്യക്തമായത്. എട്ടുവർഷമായി ദീപകിനും പെൺകുട്ടിയും സൗഹൃദത്തിലായിരുന്നു. പിന്നീട് പെൺകുട്ടി ഋഷിജിത്തുമായി അടുത്തു. പെൺകുട്ടിയുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഋഷിജിത്ത് അനുസരിച്ചില്ല. തുടർന്നാണ് ആക്രമണം നടത്തിയതെന്ന് ദീപക് പൊലീസിന് മൊഴി നൽകി. കഴുത്തിനും തലയ്ക്കും ഗുരുതരമായ പരിക്കുകളോടെ ഋഷിജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴയിൽ സ്വകാര്യ കോൾ സെന്‍ററിലെ ജീവനക്കാരിയാണ് യുവതി.