
തൃശൂര്‍: നാലുകോടിയുടെ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒമ്പതര ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. എണ്ണ ദിനേശന്‍ എന്നറിയപ്പെടുന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശി ദിനേശന്‍ (54) ആണ് അറസ്റ്റിലായത്. കാരുമാത്ര നെടുങ്ങാണം സ്വദേശി വൈപ്പിന്‍ പാടത്ത് സ്വദേശി ഷഹാനയ്ക്കും ബന്ധുകള്‍ക്കും നാലു കോടി രൂപയുടെ ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഷഹാനയുടെയും ഭര്‍ത്താവിന്റെയും കൈയില്‍ നിന്നും പലതവണകളായി 9,65,000 രൂപ കൈപ്പറ്റി. തുടര്‍ന്ന് ലോണ്‍ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല. ഷഹാന ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഷഹാനയ്ക്കും കുടുംബത്തിനും കടബാധ്യത വന്നപ്പോള്‍ ഷഹാനയുടെ അനുജത്തിയുടെ ഉടമസ്ഥതയിലുള്ള വസ്തു പണയപ്പെടുത്തി ലോണ്‍ എടുക്കുന്നതിന് പലരേയും സമീപിച്ചു. ആ സമയത്ത് ഷഹാനയുടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് വിളിച്ച ദിനേശന്‍ പാര്‍ട്ണര്‍ഷിപ്പില്‍ എം.ബി.ഡി. ഫൈനാന്‍സ് ഗ്രൂപ്പ് എന്ന പേരിലുള്ള ഫൈനാന്‍സ് സ്ഥാപനം നടത്തിവരികയാണെന്നും വസ്തു പണയപ്പെടുത്തി ലോണ്‍ നല്‍കാമെന്ന് ഫോണിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ദിനേശന്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ ഒരു കവര്‍ച്ചക്കേസിലും അഞ്ച് തട്ടിപ്പ് കേസിലും ഒരു അടിപിടി കേസിലും കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു കവര്‍ച്ച കേസിലും വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ ഒരു തട്ടിപ്പ് കേസിലും അടക്കം ഒമ്പത് ക്രിമിനല്‍ കേസിലെ പ്രതിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam