
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അഷ്കർ (31) കുറ്റം സമ്മതിച്ചു. കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഭക്ഷണം നൽകിയപ്പോൾ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി വൈദ്യപരിശോധന നടക്കും. ഇരുവരെയും കോടതി റിമാൻഡ് ചെയ്തേക്കും. തുടർന്ന് അഖിലയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടപടി പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. അഷ്കറുമായി നടത്തിയ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ഞായറാഴ്ച രാവിലെ 11:15 ഓടെ ആണ് പൊലീസ് സംഘം അഷ്കറുമായി ഇവർ താമസിച്ചിരുന്ന കരിക്കുഴിയിലെ വാടക വീട്ടിൽ എത്തിയത്. കടുത്ത ജനരോഷത്തിനിടെ ഏറെ പാടുപെട്ടാണ് പൊലീസ് സംഘം പ്രതിയുമായി വീട്ടിൽ പ്രവേശിച്ചതും മടങ്ങിയതും. നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്തു. തെളിവെടുപ്പിനിടെ ഒരു കൂസലുമില്ലാതെ ആണ് അഷ്കർ ക്രൂരത വിവരിച്ചതും പൊലീസിനോട് മറുപടി പറഞ്ഞതും.
അതിനിടെ, അഷ്കറിനെതിരെ ആദ്യ ഭാര്യ ആമിനയുടെ കുടുംബം രംഗത്തെത്തി. അഷ്കറിൻ്റെ മർദനത്തിൽ തലയോട്ടി തകർന്ന് മകളുടെ ശരീരം തളർന്നുവെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഷ്കറുമായുള്ള വിവാഹം തങ്ങൾ എതിർത്തിരുന്നെങ്കിലും മകളെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നുവെന്നും അന്നുമുതൽ മകൾ അഷ്കറിൽനിന്ന് ഉപദ്രവം നേരിട്ടുവെന്നും അമ്മ പറഞ്ഞു.
സ്വർണവും പണവും വീടും ചോദിച്ചാണ് ഉപദ്രവിച്ചത്. മകളുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. മകൾക്ക് നേരെ ശാരീരികവും മാനസികവുമായ പീഡനം ഉണ്ടായി. പല തവണ മകളെ കൊല്ലാൻ ഒരുങ്ങി. ആറു തവണ പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അമ്മ പറഞ്ഞു. ഒരുമാസത്തിലധികമായി മെഡിക്കൽ കോളേജിലെ റീഹാബിലിറ്റേഷൻ സെൻ്ററിലാണ് ആമിന കഴിയുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഒന്നര വയസ്സുകാരൻ മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുരുങ്ങി ഛർദിച്ചുവെന്ന് പറഞ്ഞ് കുട്ടിയെ അഷ്കർ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിക്കെ കുട്ടി മരണമടയുകയായിരുന്നു. തുടർന്ന് നടന്ന പോസ്റ്റ് മോർട്ടത്തിലാണ് കുട്ടി അതിക്രൂര മർദനം നേരിട്ട വിവരം കണ്ടെത്തിയത്. കുഞ്ഞിൻ്റെ ശരീരത്തിൽ 51 മുറിവുകൾ കണ്ടെത്തി. ജനനേന്ദ്രിയത്തിൽ അടക്കം ആഴത്തിൽ മുറിവുണ്ട്. കാലിൽ സിഗരറ്റ് കൊണ്ടു പൊള്ളിച്ചതിൻ്റെ പാടുകളും കണ്ടെത്തി. ഇതോടെയാണ് കുട്ടിയുടെ അമ്മ അഖിലയെയും അമ്മയുടെ പങ്കാളി അഷ്കറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അഖിലയുടെ ആദ്യ ഭർത്താവിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട ഒന്നര വയസ്സുകാരൻ. ആദ്യ ഭർത്താവിൻ്റെ മരണശേഷം അഷ്കറുമായി അടുത്ത അഖില, മകനുമായി ഇയാൾക്കൊപ്പം കരിക്കുഴിയിലെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam