
തൃശൂര്‍: തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഏഴ് പേരില്‍ രണ്ട് പേര്‍ പിടിയില്‍. ഒരു റിമാന്‍ന്‍റ് പ്രതിയെയും രാഹുല്‍ എന്ന മറ്റൊരു രോഗിയെയുമാണ് പൊലീസ് പിടികൂടിയത്. തൃശൂർ സി.ജെ.എം കോടതിയുടെ ഉത്തരവനുസരിച്ച് പാർപ്പിച്ചയാളാണ് രാഹുല്‍. ഇയാളെ തൃശൂരിൽ നിന്നാണ് പിടികൂടിയത്. ഇയാള്‍ക്ക് റിമാന്‍ഡ് പ്രതികളുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
രക്ഷപ്പെട്ട അഞ്ച് റിമാന്‍ഡ് പ്രതികളെകൂടി ഇനി പിടികൂടാനുണ്ട്.
മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും ഏഴുപേര്‍ ചാടിപ്പോയ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വൻ സുരക്ഷാവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. സംഭവം നടക്കുന്ന സമയത്ത് ഒരു പൊലീസുകാരൻ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡ്യൂട്ടിയിലുളള രണ്ടാമത്തെ പൊലീസുകാരൻ സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നു. 20 തടവുകാരാണ് ഇവിടത്തെ ഫോറൻസിക് സെല്ലിലുള്ളത്. സെല്ലിൽ നിന്ന് പുറത്തിറക്കുമ്പോൾ പൊലീസിന്റെ സാനിധ്യം നിർബന്ധമാണ്. എന്നാല്‍ ഇവിടെ ചട്ടം പാലിക്കപ്പെട്ടില്ല. ഡ്യൂട്ടിക്കായി കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ജീവനക്കാരെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. രാത്രി 7.50 നായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ആദ്യം ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നഴ്സുമാരെ മുറിയില്‍ പൂട്ടിയിട്ടു. ഈ സമയം പൊലീസുകാരനായ രജ്ഞിത്ത് ഇവരെ തടയാനെത്തി. ഉടൻ രജ്ഞിത്തിനെ മര്‍ദ്ദിച്ച് അവശനാക്കുകയും അദ്ദേഹത്തിൻറെ മൂന്ന് പവന്‍റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവരുകയും ചെയ്തു. പൊലീസുകാരൻറെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം രക്ഷപ്പെടുകയായിരുന്നു.
തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 7 പേര്‍ രക്ഷപ്പെട്ടു; ആറുപേര്‍ റിമാന്‍ഡ് തടവുകാര്‍
14 ഏക്കറിലുളള മാനസികാരോഗ്യ കേന്ദ്രത്തിൻറെ ചുറ്റുമതില്‍ പലയിടത്തും പൊളിഞ്ഞു കിടക്കുകയാണ്. സംഘം രക്ഷപ്പെട്ടത് പിറകെ വശത്തെ മതില്‍ ചാടിയാണ്. വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ ഇതിനു മുമ്പും പല വട്ടം രോഗികള്‍ ചാടിപോയിട്ടുണ്ട്. എന്നാല്‍ റിമാന്‍റ് പ്രതികളടക്കം ഇത്രയധികം പേര്‍ ഒരുമിച്ച് രക്ഷപ്പെട്ടത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam