തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കാണാതായ  ഏഴുപേരില്‍ ഒരാള്‍ പിടിയില്‍. രാഹുലിനെയാണ് തൃശൂരിൽ നിന്ന് കണ്ടെത്തിയത്.  ആറ് റിമാന്‍ഡ് പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. പലവഴിക്കാണ് ഏഴു പേരും പോയതെന്നും ചിലരുടെ ദൃശ്യങ്ങള്‍  ലഭിച്ചതായും പൊലീസ് പറഞ്ഞു. മറ്റുള്ളവരെ കുറിച്ചും ഏകദേശ ധാരണ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. 

ഇന്നലെ രാത്രിയാണ് ആറ് റിമാൻഡ് പ്രതികളടക്കം ഏഴു പേർ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്. രാത്രി 7.50നാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ആദ്യം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാരെ മുറിയില്‍ പൂട്ടിയിട്ടു. ഈ സമയം പൊലീസുകാരനായ ര‍ജ്ഞിത്ത് ഇവരെ തടയാനെത്തി. ഉടൻ ര‍ജ്ഞിത്തിനെ മര്‍ദ്ദിച്ച് അവശനാക്കുകയും അദ്ദേഹത്തിൻറെ മൂന്ന് പവന്‍റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവരുകയും ചെയ്തു.

പൊലീസുകാരൻറെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. റിമാൻഡ് തടവുകാരായ തൻസീർ,വിജയൻ, നിഖിൽ, വിഷ്ണു, വിപിൻ, ജിനീഷ് എന്നീ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.