
കോഴിക്കോട്: വടകരയിൽ ഭിക്ഷാടകനായ വയോധികനെ പണം കവരാൻ കൊലപ്പെടുത്തിയ കേസിൽ ഒരു മാസത്തിന് ശേഷം പ്രതി പിടിയിൽ. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശി നാരായണൻ നായർ എന്ന സജിത്താണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 18നാണ് വടകര പുതിയ ബസ്റ്റാൻഡ് പരിസരത്തെ കട വരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വടകരയിലും പരിസരത്തും ഭിക്ഷാടനം നടത്തി വന്ന ആളായിരുന്നു മരിച്ചത്. എന്നാൽ കൊല്ലപ്പെട്ട ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ കൊല്ലം സ്വദേശി ആണെന്നാണ് സംശയം. കഴുത്തിൽ തുണി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബസ് സ്റ്റാൻഡുകളിൽ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വയോധികന്റെ കയ്യിലുള്ള പണം കവരാൻ ആയിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം ഒരു സ്ത്രീയുമായി കാസർഗോഡ് ഉള്ളാളിലേക്ക് മുങ്ങിയ പ്രതി ദിവസങ്ങളോളം അവിടെ താമസമാക്കി ചെരുപ്പ് കുത്തൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം മാഹിയിൽ നിന്നാണ് പ്രതി പൊലീസിൻ്റ പിടിയിലായത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam