'മൂന്ന് ജില്ലകളില്‍ താവളം, തലവന്‍ നൂറോളം കേസുകളില്‍ പ്രതി'; കൊടുംകുറ്റവാളി സംഘം കോഴിക്കോട് പിടിയില്‍

By Web TeamFirst Published Dec 6, 2020, 4:28 PM IST
Highlights

ക്ഷേത്ര ദര്‍ശനത്തിന് പോവുന്ന സ്ത്രീകളുടെ മാലപൊട്ടിക്കാന്‍ കറുപ്പുടുത്ത് ക്ഷേത്രപരിസരത്തും ഇവര്‍ എത്താറുണ്ട്. ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘം കുറച്ച് ദൂരം പോയാല്‍ ബൈക്ക് ഉപേക്ഷിച്ച് നടന്ന് പോകും പിന്നീട് ഓട്ടോയിലും ബസ്സിലുമായി മാറി മാറി യാത്ര ചെയ്യും.

കോഴിക്കോട്: അന്തര്‍ സംസ്ഥാന മോഷണ കേസ്സുകളില്‍ ഉള്‍പ്പെടെ പ്രതികളായ കൊടും കുറ്റവാളികള്‍ ഉള്‍പ്പെടുന്ന സംഘം കോഴിക്കോട് പൊലീസ് പിടിയില്‍. കോഴിക്കോട് നഗരത്തില്‍ നടന്ന എട്ട്  മാല പൊട്ടിക്കല്‍ കേസുകളിലെ പ്രതികള്‍ ഇവരെന്ന് പൊലീസ് അറിയിച്ചു. നൂറോളം കേസുകളില്‍ പ്രതിയായ കോഴിക്കോട് ഫറോക്ക് പൊറ്റേക്കാട്ട് സ്വദേശി സലാം ഉള്‍പ്പെടുന്ന സംഘത്തെയാണ് പൊലീസ് പിടകൂടിയത്. മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിയാണ് ഇവര്‍ മാലപൊട്ടിക്കുന്നത്. പന്തീരാങ്കാവ് , മെഡിക്കല്‍ കോളേജ്, നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അടുത്തിടെ നടന്ന എല്ലാ മാലപൊട്ടിക്കല്‍ സംഭവങ്ങളിലും ഇവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.

ഡിസിപി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. അന്തര്‍ സംസ്ഥാന കുറ്റവാളി അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി അസിന്‍ ജോസ്, നൂറോളം മോഷണ കേസുകളില്‍ പ്രതിയായ ഫറോക്ക് സ്വദേശി പുറ്റേക്കാട്ട് സലാം, കൊടുങ്ങല്ലൂര്‍ സ്വദേശി ഷമീര്‍ എന്നിവരാണ്
അറസ്റ്റിലായത്. ഇവര്‍ മോഷണത്തിന് ഉപയോഗിച്ച രണ്ട് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. ജയിലില്‍ നിന്ന് ഇറങ്ങിയ മുന്‍ കുറ്റവാളികളെ കേന്ദ്രീ കരിച്ചായിരുന്നു അന്വേഷണം. ഇതില്‍ നിന്നാണ് പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. മോഷണ ശേഷം വാഹനങ്ങളില്‍ മാറി മാറി യാത്ര ചെയ്യുകയും ഇടക്കിടെ താമസം മാറ്റുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി എന്ന് പൊലീസ് പറഞ്ഞു. 

സലാമിനെ കുറിച്ച് കിട്ടിയ സൂചനയില്‍ ഇയാളെ പിന്തുടര്‍ന്നാണ് പൊലീസ് മൂന്ന് പേരേയും പിടികൂടിയത്. വളാഞ്ചേരി ഭാഗത്ത് നിന്ന് രണ്ട് മിനി ലോറികള്‍
പ്രതികള്‍ മോഷ്ടിച്ചതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. വളരെ ആസൂത്രിതമായി മോഷണം നടത്തുന്നവരാണ് ഈ സംഘം. വിയ്യൂര്‍ ജയിലില്‍ നിന്ന് പരിചയപ്പെട്ട അസിന്‍ദാസ്, ഷമീര്‍ എന്നിവരെ ജയില്‍ മോചിതരായ ശേഷം സലാം തന്‍റെ സംഘത്തില്‍ ചേര്‍ക്കുകയായിരുന്നു. മൂന്ന് ജില്ലകളില്‍
താവളമൊരുക്കിയിരുന്ന സംഘം ബൈക്ക് മോഷ്ടിച്ച് അതില്‍ കോഴിക്കോടെത്തി മാല മോഷ്ടിച്ച് ഏതെങ്കിലും ഒരു താവളത്തിലേക്ക് മടങ്ങും. ഇതായിരുന്നു സംഘത്തിന്‍റെ രീതി. 

ക്ഷേത്ര ദര്‍ശനത്തിന് പോവുന്ന സ്ത്രീകളുടെ മാലപൊട്ടിക്കാന്‍ കറുപ്പുടുത്ത് ക്ഷേത്രപരിസരത്തും ഇവര്‍ എത്താറുണ്ട്. ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘം കുറച്ച് ദൂരം പോയാല്‍ ബൈക്ക് ഉപേക്ഷിച്ച് നടന്ന് പോകും പിന്നീട് ഓട്ടോയിലും ബസ്സിലുമായി മാറി മാറി യാത്ര ചെയ്യും. രക്ഷപ്പെട്ട വഴി പൊലീസിന് വ്യക്തമാകാതിരിക്കാന്‍ സംഘം ഇത്തരം തന്ത്രങ്ങളും സ്വീകരിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

click me!