
തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകൾ ശേഷിക്കേ പോര് കടുപ്പിച്ച് നേതാക്കൾ. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ്-ബിജെപി രഹസ്യബന്ധമാണെന്ന് സിപിഎം ആരോപിച്ചു. ആരോപണം തോൽവി മുന്നിൽ കണ്ടാണെന്നാണ് യുഡിഎഫ് മറുപടി. എന്നാൽ കൂട്ട് കെട്ട് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
കൊട്ടിക്കലാശവും റോഡ് ഷോയുമില്ലെങ്കിലും തെരഞ്ഞെടുപ്പ് ആവേശത്തിന് കുറവില്ല. പരാമവധി വോട്ടർമാരെ കണ്ട് സ്ഥാനാർത്ഥികളും അടിച്ചും തിരിച്ചടിച്ചും നേതാക്കളും കളം കടുപ്പിക്കുന്നു. ത്രികോണപ്പോര് മുറുകുമ്പോൾ അവസാനലാപ്പിൽ സിപിഎം ശക്തമായി എടുത്തിടുന്നത് കോൺഗ്രസ്-ബിജെപി രഹസ്യബന്ധം.ന്യൂനപക്ഷവോട്ടിൽ കണ്ണ് വെച്ച് മാത്രമല്ല പാർട്ടി സെക്രട്ടറി മുതൽ മന്ത്രിമാർ വരെ രഹസ്യബന്ധം ആരോപിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസികളെ പിന്തുണക്കുന്ന കോൺഗ്രസും ബിജെപിയും ഒരേ തൂവൽപ്പക്ഷികളെന്ന് പറഞ്ഞ് അഴിമതി ആരോണങ്ങൾക്ക് കൂടി പ്രതിരോധം തീർക്കുകയാണ് സിപിഎം.
എന്നാൽ അവിശുദ്ധകൂട്ട് സിപിഎമ്മും ബിജെപിയും തമ്മിലെന്ന് കോൺഗ്രസ് ആരോപിക്കുന്നു, ലാവലിൻ കേസിൽ പിണറായിയെ ബിജെപി സഹായിക്കുന്നത് ഉദാഹരണമാണെന്ന് ചെന്നിത്തല. സിപിഎം ആരോപണത്തിന് പിന്നിൽ പരാജയഭീതിയെന്നും കോൺഗ്രസ് പറയുന്നു.
ബിജെപിയുടെ വൻമുന്നേറ്റത്തിന് തടയിടാൻ കൂട്ട് കെട്ട് ഇടതും വലതും തമ്മിലാണെന്നാണ് ബിജെപി ആരോപണം. അഴിമതി ചർച്ചയാകാതിരിക്കാനാണ് ഈ കൂട്ട്കെട്ടെന്നും ബിജെപി അവകാശപ്പെടുന്നു.
രഹസ്യബന്ധത്തിനൊപ്പം പരസ്യപ്രചാരണത്തിൻ്റെ അവസാന നാളിൽ അഴിമതിയും ചർച്ചയാണ്. പ്രതിപക്ഷനേതാവ് ഉടൻ തന്നെ ജയിലിലേക്ക് പോകുമെന്നാണ് എ വിജയരാഘവൻ്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ച് ജയിലിലാകുമെന്ന് പി കെ കൃഷ്ണദാസ്. മുഖ്യമന്ത്രി ഉടൻ കുടുങ്ങുമെന്ന് കോൺഗ്രസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam