പന്തീരാങ്കാവ് യുഎപിഎ കേസ്; അലനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് താഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By Web TeamFirst Published Nov 13, 2019, 11:36 AM IST
Highlights

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ നിരസിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. 
 

കോഴിക്കോട്: പന്തീരാംങ്കാവ് യുഎപിഎ കേസിലെ പ്രതി  അലന്‍ ഷുഹൈബിനെ  നവംബര്‍ 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജയില്‍ വാര്‍ഡന്മാര്‍ മോശമായി പെരുമാറുന്നുവെന്ന അലന്‍റെ പരാതി രേഖപ്പെടുത്തിയശേഷമാണ് കസ്റ്റഡിയില്‍ വിട്ടത്. അലന്‍റെയും താഹയുടെയും  മവോയിസ്റ്റ് ബന്ധത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ അഞ്ചു ദിവസം കസ്റ്റിഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം. പ്രതിഭാഗം ഇതിനെ എതിര്‍ത്തു. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഒടവില്‍ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ച കോടതി ഇരുവരെയും ഉച്ചയ്ക്ക് പിരിയുംമുമ്പ്  ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

അലനെ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. പനി ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായതിനാല്‍ താഹയെ ഹാജരാക്കാനായില്ല. അന്വേഷണ സംഘത്തെകുറിച്ചോ ജയില്‍ അധികൃതരെകുറിച്ചോ എന്തെങ്കിലും പരാതിയുണ്ടോ എന്ന ചോദ്യത്തിന് ജയിലില്‍ നിന്നും മാവോയിസ്റ്റുകളെന്ന് വിളിച്ച് വാര്‍ഡന്‍മാര്‍ അപമാനിക്കുന്നുവെന്നാിരുന്നു അലന്‍റെ പ്രതികരണം.നവംബര്‍ രണ്ടിന് വൈകിട്ട് ഭക്ഷണം നല്‍കിയില്ലെന്നും അലന്‍ കോടതിയെ അറിയിച്ചു. ഈ പരാതിയെല്ലാം കോടതി രേഖപ്പെടുത്തിയ ശേഷം  നവംബര്‍ 15ന് 11 മണിവരെ പൊലീസ് കസ്റ്റഡിയില്‍  വിട്ടു. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന്  കോടതിയില്‍ നിന്ന് പുറത്തെത്തിയ അലന്‍ പ്രതികരിച്ചു. 

തങ്ങള്‍ മാവോയിസ്റ്റ് സംഘടനയില്‍ പെട്ടവരെന്ന് കുറ്റസമ്മതം  നടത്തിയിട്ടില്ലെന്നും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയ കുറ്റസമ്മതം വ്യാജമെന്നുമായിരുന്നു  ആശുപത്രിയില്‍ ചികില്‍സയിലുള്ള താഹാ ഫസലിന്‍റെ പ്രതികരണം. താഹാ ഫസലിന്‍റെ മെ‍ഡിക്കല്‍ റിപ്പോര്ട്ട്  നാളെ ഹാജരാക്കാന്‍ ആന്വേഷണസംഘത്തോട് കോടതി ആവശ്യയപ്പെട്ടിട്ടുണ്ട്. അത്  പരിശോധിച്ചശേഷമാകും  താഹയെ കസ്റ്റഡിയില്‍ വിടണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

 


 

click me!