എസ്‍സി, എസ്‍ടി ഫണ്ട് തട്ടിപ്പ്; പ്രതികളിലൊരാളായ രാഹുല്‍ കീഴടങ്ങി, തട്ടിച്ചത് 75 ലക്ഷത്തിലേറെ രൂപ

By Web TeamFirst Published Jul 8, 2021, 4:32 PM IST
Highlights

രാഹുലും എസ്‍സി പ്രമോട്ടർമാരായ രാഹുൽ രവി, വിശാഖ് സുധാകരൻ എന്നിവരും ചേർന്ന് തട്ടിച്ചത് 75 ലക്ഷത്തിലേറെ രൂപയാണ്. ഇവരെ രണ്ടുപേരെയും ഇതുവരെ പൊലീസിന് പിടികൂടാന്‍ ആയിട്ടില്ല.  

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഫണ്ട് തട്ടിയ കേസിൽ മുഖ്യപ്രതി കീഴടങ്ങി. മൂന്ന് മാസമായി ഒളിവിലായിരുന്ന പട്ടികജാതി പട്ടികവർഗ വകുപ്പിലെ സിനിയർ ക്ലർക്ക് വീരണകാവ് സ്വദേശി രാഹുലാണ് കീഴടങ്ങിയത്. 75 ലക്ഷത്തിലധികം രൂപയാണ് രാഹുലും മറ്റ് രണ്ടുപേരും ചേര്‍ന്ന് തട്ടിയെടുത്തത്. പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികള്‍ക്കുള്ള പഠനമുറി നിർമ്മാണം, വിവാഹ സഹായം എന്നി ആനുകൂല്യങ്ങളാണ് രാഹുൽ തട്ടിയെടുത്തത്. പഠനമുറി നിർമ്മാണത്തിന് രണ്ട് ലക്ഷം രൂപയും വിവാഹ സഹായമായി 75,000 രൂപയും ഗ്രാന്റായി നൽകുന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 

ഇയാളുടെ സ്ഥലം മാറ്റത്തിന് ശേഷം വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തി പൊലീസിനെ അറിയിച്ചത്. മൂന്ന് മാസം മുൻപ് നടത്തിയ പരിശോധനയിൽ 75 ലക്ഷം രൂപ തട്ടിയെന്ന് കണ്ടെത്തി. തുടർന്ന് രാഹുൽ ഒളിവിൽ പോയി. പൊലീസ് അന്വേഷണം ഇഴയുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തുടർന്നാണ് ഇന്ന് ഉച്ചയ്ക്ക് മ്യൂസിയം സ്റ്റേഷനിൽ കീഴടങ്ങിയത്. നാളെ കോടതിയിൽ ഹാജരാക്കി വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും. രണ്ട് എസ്‍എസി പ്രമോട്ടർമാരെ കൂടി കേസിൽ പിടികൂടാനുണ്ട്. ബിനാമി പേരിൽ തുക തട്ടാൻ സഹായിച്ച മറ്റുള്ളവർക്കെതിരെയും പൊലീസ് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!