കേരളത്തെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന് 33 വർഷം തികയുമ്പോൾ

By Web TeamFirst Published Jul 8, 2021, 4:27 PM IST
Highlights

 ജനലുകളും വാതിലുകളും അകത്തുനിന്ന് അടച്ചു കുറ്റിയിട്ടിരിക്കുകയായിരുന്നു എന്നതും അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനു തടസ്സമായി. 

1988 ജൂലൈ എട്ടാം തീയതി. കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ ഗ്രാമത്തിന് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ദിവസമാണത്. അന്നുച്ചയ്ക്ക്, അഷ്ടമുടികായലിനു കുറുകെയുള്ള പെരുമൺ റെയിൽപാലത്തിൽ വെച്ച് ഒരു തീവണ്ടി അപകടം നടന്നു. ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലൻഡ് എക്സ്പ്രസ്, ഏതാണ്ട് 125 മീറ്റർ നീളമുള്ള ആ പാലത്തിന്റെ ഏകദേശം നടുക്കെത്തിയപ്പോൾ,  അതിന്റെ ഒൻപതു കോച്ചുകൾ പാളം തെറ്റി കായലിലേക്ക് മറിഞ്ഞു വീഴുന്നു. അതിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരുടെ ജീവിതങ്ങൾ നിമിഷനേരം കൊണ്ട് തലകീഴ്മേൽ മറിയുന്നു. 

പതിനാലു കോച്ചുകൾ ഉണ്ടായിരുന്ന ആ തീവണ്ടി പാളം തെറ്റുമ്പോൾ, എഞ്ചിനും പാർസൽ വാനും ഒരു സെക്കൻഡ് ക്ലാസ് കമ്പാർട്ടുമെന്റും മാത്രമേ പാലം കടന്നിട്ടുണ്ടായിരുന്നുള്ളൂ. ഒൻപതു കോച്ചുകൾ ഒന്നിന് പിറകെ ഒന്നായി വെള്ളത്തിലേക്ക് കൂപ്പുകുത്തിയ ശേഷം, ഒരുവിധം തീവണ്ടി മുരണ്ടു മുരണ്ടു നിന്നപ്പോഴേക്കും,  ഒരു ഫസ്റ്റ് ക്‌ളാസ് കമ്പാർട്ട്മെന്റ് പാലത്തിൽ നിന്ന് വെള്ളത്തിലേക്ക് മൂക്ക് കുത്തിയ മട്ടിൽ, ഒരറ്റം വെള്ളത്തിൽ മുങ്ങി തൂങ്ങിക്കിടന്നു.

 

അപകടം നടന്ന ശബ്ദം കേട്ട് ഓടിക്കൂടിയ  പ്രദേശവാസികൾ, അപ്പോൾ തന്നെ രക്ഷാപ്രവർത്തനം നടത്താൻ തുടങ്ങിയിരുന്നു. നീന്തിയും, കൊച്ചു വള്ളങ്ങളിലേറിയും അവരിൽ പലരും വെള്ളത്തിൽ വീണ കോച്ചുകൾക്കടുത്തേക്ക് എത്തി എങ്കിലും, നേർത്തൊരു ചാറൽമഴയുണ്ടായിരുന്നതും, വെള്ളത്തിലേക്ക് വീണപാടെ രണ്ടു കോച്ചുകൾ തലകുത്തനെ മറിഞ്ഞതും, സാഹചര്യങ്ങൾ പ്രതികൂലമാക്കി. കോച്ചിന്റെ മിക്കവാറും എല്ലാ ജനലുകളും വാതിലുകളും അകത്തുനിന്ന് അടച്ചു കുറ്റിയിട്ടിരിക്കുകയായിരുന്നു എന്നതും അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനു തടസ്സമായി. അതിനെയൊക്കെ അതിജീവിച്ചും, തീവണ്ടിക്കുള്ളിൽ നിന്ന് രക്ഷപ്പെടുത്തിയവരെ പ്രദേശവാസികളുടെ ഓട്ടോ റിക്ഷകളിലും മീൻ വണ്ടികളിലും ഒക്കെ കയറ്റിയാണ് അന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്. തീവണ്ടി മറിഞ്ഞ്  അരമണിക്കൂർ നേരമെങ്കിലും കഴിഞ്ഞ ശേഷമാണ് ഫയർ ഫോഴ്‌സ് അടക്കമുളള ഔദ്യോഗിക സംവിധാനങ്ങൾ വിവരമറിഞ്ഞ് എത്തുന്നതും പിന്നീടുള്ള രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും. 

അന്ന് കൊച്ചി നാവികസേനാ ആസ്ഥാനത്തുനിന്ന് മൂന്നു ഹെലികോപ്റ്ററുകളും, അൻപതിലധികം മുങ്ങൽ വിദഗ്ദ്ധരും രക്ഷാപ്രവർത്തനങ്ങൾക്കായി അപകടസ്ഥലത്തേക്ക് പുറപ്പെട്ടെത്തുന്നുണ്ട്. വിവരമറിഞ്ഞയുടനെ തന്നെ അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരും മറ്റു മന്ത്രിമാരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. അതുപോലെ, അന്നത്തെ റെയിൽവേ വകുപ്പ് മന്ത്രി ആയിരുന്ന മാധവറാവു സിന്ധ്യയും ഒരു ചാർട്ടേർഡ് വിമാനത്തിൽ വന്നിറങ്ങി, സംഭവസ്ഥലത്തേക്ക് നേരിട്ടെത്തുകയും, മരിച്ചവരുടെ ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. 

ഈ അപകടത്തിൽ 105 പേർ മരണപ്പെട്ടു എന്നും, ഇരുന്നൂറിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നുമാണ് ഔദ്യോഗിക കണക്ക്. കരയ്‌ക്കെത്തിച്ച മൃതദേഹങ്ങളിൽ നിന്ന് രാത്രിയുടെ മറവിൽ സ്വർണ്ണവും പണവുമൊക്കെ മോഷ്ടിക്കപ്പെട്ടു എന്നൊരു ആക്ഷേപവും അന്ന് ഉയർന്നു വന്നിരുന്നു. അപകടം നടന്ന നിമിഷം തൊട്ടു നടത്തിയ രക്ഷാപ്രവർത്തനം അഞ്ചു ദിവസത്തോളം തുടർന്ന ശേഷമാണ് അവസാന മൃതദേഹവും വെള്ളത്തിൽ മുങ്ങിക്കിടന്ന കോച്ചുകളിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചത്. 

അപകടം നടന്നത് ചുഴലിക്കാറ്റ് കാരണമാണ് എന്നായിരുന്നു അന്ന് റെയിൽവേ അധികാരികൾ നൽകിയ വിശദീകരണം എങ്കിലും യഥാർത്ഥ കാരണം ഇന്നും അജ്ഞാതമായിത്തന്നെ തുടരുകയാണ്. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്നൊരു ആക്ഷേപം ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണറുടെ ഭാഗത്തുനിന്ന് ആദ്യമുണ്ടായി എങ്കിലും, പിന്നീട് അന്തിമ റിപ്പോർട്ടിൽ അപകട കാരണം ചുഴലിക്കാറ്റാണ് എന്നുറപ്പിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം പാലത്തിനു സമീപവും പലതിലും റെയിൽവേ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു എന്നതും ഇങ്ങനെ ഒരു ആക്ഷേപത്തിന് ബലം പകർന്നിരുന്നു. 

ഇങ്ങനെ ഒരു ദുരന്തം നടന്ന് അഞ്ചു വർഷത്തിന് ശേഷമാണ് റെയിൽവേ പെരുമണിൽ കായലിനു കുറുകെ പുതിയൊരു പാലം നിർമിക്കുന്നത്. അന്ന് അപകടത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി ഒരു സ്മാരകവും ഇന്ന് പെരുമണിലുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!