Latest Videos

കൊല്ലത്ത് പൊലീസിനെ വടിവാൾ വീശി ആക്രമിച്ച സംഭവം; പ്രതികള്‍ പിടിയില്‍, കീഴടക്കിയത് മൽപ്പിടുത്തത്തിനൊടുവിൽ

By Web TeamFirst Published Jan 31, 2023, 7:41 PM IST
Highlights

പ്രതികളെ സഹായിച്ച ഗുണ്ടാ നേതാവ് ഷൈജു എന്നയാളെയും പൊലീസ് പിടികൂടി. ഷൈജുവിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇരുവരും.

കൊല്ലം: കൊല്ലം കുണ്ടറയിൽ പൊലീസിന് നേരെ വടിവാൾ വീശി ആക്രമിച്ച് രക്ഷപ്പെട്ട പ്രതികൾ പിടിയിൽ. അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദ്ദനക്കേസ് പ്രതികളായ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച പാവട്ടുമൂല സ്വദേശി ഷൈജുവിനേയും പൊലീസ് പിടികൂടി. ഷൈജുവിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇരുവരും. പിടികൂടാൻ ശ്രമിക്കുന്നതിനിടെ കുണ്ടറ പൊലീസിനെയും പ്രതികൾ ആക്രമിച്ചു. 

ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഇൻഫോപാര്‍ക്ക് പൊലീസിന് നേരേ വടിവാൾ വീശി രക്ഷപെട്ട പ്രതികൾ നേരേ പോയത് ഗുണ്ടാ നേതാവായ ഷൈജുവിന്റെ വീട്ടിലേക്കാണ്. അന്ന് നാല് റൗണ്ട് വെടി ഉതിർത്ത ശേഷമായിരുന്നു പൊലീസ് രക്ഷപ്പെട്ടത്. പ്രതികള്‍ക്കായി മൂന്ന് ദിവസമായി കരിക്കുഴിയിലെ തുരുത്തുകൾ കേന്ദ്രീകരിച്ചായിരുന്നു കുണ്ടറ പൊലീസിന്റെ അന്വേഷണം. ഇതിനിടെയിലാണ് പ്രതികൾ പാവട്ടുമൂലയിൽ ഒളിവിൽ കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

പിടികൂടാൻ ശ്രമിക്കുന്നതിനിടെ കുണ്ടറ പൊലീസിനെയും പ്രതികൾ ആക്രമിച്ചു. ഒളിത്താവളത്തിൽ എത്തിയ പൊലീസിനെ തടിക്കഷ്ണം ഉപയോഗിച്ചാണ് പ്രതികൾ നേരിട്ടത്. കുണ്ടറ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ഡാര്‍വിൻ, സിപിഒ രാജേഷ് എന്നിവര്‍ക്ക് അക്രമത്തിൽ പരിക്കേറ്റു. മൽപ്പിടുത്തത്തിനൊടുവിൽ സാഹസികമായാണ് പ്രതികളെ പൊലീസിന് പിടികൂടാനായത്.

ഇതോടെ അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദ്ദനക്കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. ആന്റണി ദാസിനും, ലിയോ പ്ലാസിഡിനുമൊപ്പം പിടിയിലായ ചെങ്കിരി ഷൈജു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചതിന് മൂന്ന് പ്രതികൾക്കുമെതിരെ കേസെടുത്തു. ആന്റണി ദാസിനേയും ലിയോ പ്ലാസിഡിനേയും ഇൻഫോ പാര്‍ക്ക് പൊലീസിന് കൈമാറും.

Also Read: കൊല്ലത്ത് പൊലീസും ഗുണ്ടകളും തമ്മിലേറ്റുമുട്ടി, വടിവാൾ വീശി ആക്രമികൾ; വെടിയുതിർത്ത് പൊലീസ് 

click me!