പാലക്കാട് മൃതദേഹം മാറി നൽകിയ സംഭവം; ആറ് ജീവനക്കാർക്കെതിരെ നടപടി

By Web TeamFirst Published Sep 19, 2020, 4:37 PM IST
Highlights

ഇന്നലെയാണ് ആദിവാസി യുവതിയുടെ മൃതദേഹം മാറി നൽകി സംസ്കരിച്ചത്. സംഭവത്തില്‍ കൂടുതൽ പേർക്കെതിരെ നടപടിക്ക് ശുപാർശയുണ്ട്.  

പാലക്കാട്: പാലക്കാട് മൃതദേഹം മാറി നൽകിയ സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരെ നടപടി. ജില്ലാ ആശുപത്രിയിലെ ആറ് ജീവനക്കാർക്കെതിരെ നടപടിയാണ്. അഞ്ച് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥിരം ജീവനക്കാരനെ സസ്പെന്റ് ചെയ്തു. ആശുപത്രിയിലെ നഴ്സുമാരും അറ്റൻഡർമാരുമാണ് നടപടിക്ക് വിധേയരായത്. കൂടുതൽ പേർക്കെതിരെ നടപടിക്ക് ശുപാർശയുണ്ട്.  
ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര പിഴവെന്നാണ് കണ്ടെത്തൽ. ഇന്നലെയാണ് ആദിവാസി യുവതിയുടെ മൃതദേഹം മാറി നൽകി സംസ്കരിച്ചത്.

പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം ആദിവാസി യുവതിയുടെ മൃതദേഹം സംസ്ക്കരിക്കാനായി വിട്ടുനൽകിയത്. അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം സംസ്ക്കാരത്തിന് വിട്ട് നൽകിത്. സംസ്ക്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതർ അറിയുന്നത്.

രണ്ട് ദിവസം മുമ്പാണ് കാൽ വഴുതി വെള്ളത്തിൽ വീണ് വള്ളി മരിച്ചത്. ഇന്ന് രാവിലെ വള്ളിയുടെ മൃതദേഹം പോസ്റ്റ്‍മോർട്ടം ചെയ്യാനുള്ള നടപടികളുമായി പൊലീസെത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. കൊവിഡ് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹമെന്ന് കരുതി കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് മൃതദേഹം സംസ്ക്കരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതരമായ പിഴവിൽ അന്വേഷണം ആരംഭിച്ചു. 

click me!