കേരളത്തിലെ ഐ.എസ് സാന്നിധ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പിന് പിന്നാലെ തീവ്രവാദികൾ പിടിയിൽ

Published : Sep 19, 2020, 04:04 PM IST
കേരളത്തിലെ ഐ.എസ് സാന്നിധ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പിന് പിന്നാലെ തീവ്രവാദികൾ പിടിയിൽ

Synopsis

കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് അടക്കമുള്ള തീവ്രവാദശൃംഖലകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ദിവസങ്ങൾ മുൻപാണ്  കേന്ദ്രം പാർലമെൻ്റിനെ രേഖാമൂലം അറിയിച്ചത്. 

ദില്ലി: കേരളമടക്കം 12 സംസ്ഥാനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ്സിൻ്റെ സജീവസാന്നിധ്യമുണ്ടെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അറിയിച്ചതിന് പിന്നാലെയാണ് എറണാകുളത്ത് നിന്നും 3 തീവ്രവാദികൾ പിടിയിലാവുന്നത്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് അടക്കമുള്ള തീവ്രവാദശൃംഖലകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ദിവസങ്ങൾ മുൻപാണ്  കേന്ദ്രഅഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി രാജ്യസഭയെ രേഖാമൂലം അറിയിച്ചത്. 

തീവ്രവാദവുമായി ബന്ധപ്പെട്ട് 17 കേസുകൾ ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 122 പേരെ ഇതിനോടം അറസ്റ്റ് ചെയ്തുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കേരളത്തിലും കർണാടകത്തിലുമാണ് ഇസ്ലാമിക് സ്റ്റേറ്റ്സിന് ഏറ്റവും ശക്തമായ സ്വാധീനമുള്ളതെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ഇതോടൊപ്പം പശ്ചിമബംഗാളിലും തീവ്രവാദി ഗ്രൂപ്പുകളുടെ സ്ലീപ്പിംഗ് സെൽസ് സജീവമാണ്. ഈ റിപ്പോർട്ട് വന്ന് ഒരാഴ്ച തികയും മുൻപാണ് കേരളത്തിലും ബംഗാളിലുമായി ഒൻപത് പേരെ എൻഐഎ പിടികൂടിയത്.

സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ്സ് നാമാവശേഷമായതോടെ അഫ്ഗാനിസ്ഥാനും ചില ആഫ്രിക്കൻ രാജ്യങ്ങളും കേന്ദ്രീകരിച്ചാണ് തീവ്രവാദികളുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. പല ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഐഎസ് സ്ലീപ്പിംഗ് സെല്ലുകൾ സജീവമാണ്. ഇന്ത്യയിൽ കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, മഹാരാഷ്ട്ര,പശ്ചിമബംഗാൾ,രാജസ്ഥാൻ, ബീഹാർ, ഉത്തർപ്രദേശ്,മധ്യപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് തീവ്രവാദസാന്നിധ്യം ശക്തമായിട്ടുള്ളതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. 

ഇന്ന് പുലർച്ചയോടെയാണ് പോലീസിസിന്‍റെ സഹായത്തോടെ മൂന്ന് തീവ്രവാദികളെ എൻഐഎ അറസ്റ്റ് ചെയ്തത്. നിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേന കൊച്ചിയിൽ താമസമാക്കിതീവ്രവാദ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെയാണ് എൻഐഎ പിടികൂടിയത്. 

കളമശ്ശേരിക്കടുത്ത് പാതാളത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ലേബർ ക്യാമ്പിൽ താമസിച്ച മുർഷിദ് ഹസ്സൻ, പെരുമ്ബവൂരിൽ നിന്ന് യാക്കൂബ്  ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവരാണ് ഇന്ന് പുലർച്ചെ അറസ്റ്റിലായത്.  കളമശ്ശേരിയിൽ താമസിക്കുന്ന മുർഷിദ് ഹസ്സൻ രണ്ട് മാസം മുൻപായിരുന്നു നാസർ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ താമസത്തിനെത്തിയത്. 

ഭീകരരുമായുള്ള ബന്ധത്തിന് തെളിവ് ലഭിച്ചതിന് പിറകെ   എൻഐഎ പോലീസിന്‍റെ സഹായം തേടി. എന്നാൽ ഏത് കേസിലാണ് അറസ്റ്റ് എന്ന് പോലീസിനെയും അറയിചിചിരുന്നില്ല.  പുലർച്ചെ 2 മണിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന മുഷറഫ്  ഹുസൈനിനെ പിടികൂടുകയായിരുന്നു.

ഇതേ സമയത്ത് തന്നെയാണ് പെരുമ്പാവൂരിലും രണ്ടിടത്തായി റെയ്ഡ് നടത്തി യാക്കൂബ് ബിശ്വാസിനെയും മുസറഫ് ഹുസൈനിനെയും പിടികൂടിയത്. മുസറഫ് കഴിഞ്ഞ ഏഴ് വർഷമായി പെരുമ്പാവൂരിലെ ന്യൂ ബോംബെ ടെകസ്റ്റൈൽ  ജീവനക്കാരനാണ്. യാക്കൂഹ് ബിശ്വാസ് രണ്ടര മാസം  മുൻപാണ് പെരുമ്പാവൂരിലെത്തിയത്. അടിമാലിയിൽ നിന്നാണ് ജോലിക്കെന്ന് വ്യാജേനയാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്. ചായക്കടയിൽ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു ഇയാൾ. 

പ്രതികളിൽ നിന്ന് ലാപ് ടോപ്, മൊബൈൽ ഫോൺ, ചില ലഘുലേഖകൾ എന്നിവയെല്ലാം കണ്ടെത്തിയെന്നാണ് എൻഐഎ അറിയിക്കുന്നത്. എന്നാൽ ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. പ്രതികൾ താമസിച്ചിരുന്ന ക്യാമ്പുകളിലെ മറ്റ് താമസക്കാരെയടക്കം വിളിച്ച് വരുത്തി എൻഐഎ വിശദമായ ചോദ്യം ചെയ്യൽ തുടങ്ങിയിട്ടുണ്ട്. ദില്ലിയിലാണ് കേസ് എന്നതിനാൽ പ്രതികലെ നടപടികൾ പൂർത്തിയാക്കി എൻഐഎയുടെ ദില്ലി യൂണിറ്റിന് കൈമാറും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റിൽപ്പറത്തി'; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി
ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്