
വയനാട്: വയനാട് സിപിഎമ്മിലെ വിഭാഗീയതയിൽ നേതാക്കൾക്കെതിരെ വീണ്ടും നടപടി. വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് വിവാദം ആയിരിക്കേയാണ് വീണ്ടും നടപടി ഉണ്ടായത്. വയനാട് സിപിഎമ്മിൽ വിഭാഗീയതയെന്ന പരസ്യപ്രസ്താവനയിലാണ് നടപടി. കണിയാമ്പറ്റയിലെ അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. വിഭാഗീയത ഉന്നയിച്ച് കണിയാമ്പറ്റയിലും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
കർഷക സംഘം ജില്ലാ പ്രസിഡന്‍റും പുൽപ്പള്ളി സി പി എം ഏരിയ കമ്മിറ്റി അംഗവുമായ എ വി ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് നേരത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ കമ്മീഷനെ വച്ച സി പി എം, അന്വേഷണ റിപ്പോർട്ടിന് പിന്നാലെ നടപടിയെടുക്കുകയായിരുന്നു. പുൽപ്പറ്റി ഏരിയ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്. പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം കടുപ്പിച്ച ജയൻ, നടപടി വിഭാഗീയതയുടെ ഭാഗമെന്നായിരുന്നു തുറന്നടിച്ചിരുന്നു. ഈ പരസ്യപ്രസ്താവനയാണ് പുതിയ നടപടിയിലേക്ക് നയിച്ചത്. ജില്ലയിലെ ഒരു വിഭാഗം നേതാക്കളും അണികളും പാർട്ടി നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത അതൃപ്തിയാണ് ഉയര്‍ന്നത്. വയനാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ചേരി തിരിവാണ് നടപടിയിലേക്ക് നയിച്ചതെന്ന് വിമർശനമുണ്ട്.
നേരത്തെ ജില്ലാ സമ്മേളനത്തിൽ വയനാട്ടിൽ വലിയ അട്ടിമറിയാണ് നടന്നത്. ജില്ലാ സെക്രട്ടറിയായിരുന്നു പി ഗഗാറിനെ വെട്ടി കെ റഫീഖാണ് പുതിയ സെക്രട്ടറിയായത്. മുൻ ജില്ലാ സെക്രട്ടറിയായ സി കെ ശശീന്ദ്രന്‍റെ പിന്തുണയോടെയായിരുന്നു റഫീഖിന്‍റെ അട്ടിമറി. ഇതോടെ ജില്ലയിലെ സി പി എമ്മിനുള്ളിൽ ചേരിതിരിവ് രൂക്ഷമാകുകയായിരുന്നു. തരംതാഴ്ത്തലും ഇതിന്‍റെ ഭാഗമെന്നാണ് ജയനടക്കമുള്ളവർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam