മാര്‍ക്ക് ദാനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം തെറ്റി; എംജിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി

By Web TeamFirst Published Dec 28, 2019, 5:11 PM IST
Highlights

രണ്ട് വിദ്യാര്‍ത്ഥികളെ അധികമായി പട്ടികയില്‍പ്പെടുത്തിയത് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തുവെന്നും എംജി സര്‍വകലാശാല അറിയിച്ചു

കോട്ടയം: എംജി സര്‍വകലാശാലയിലെ വിവാദമായ മാര്‍ക്ക് ദാനത്തില്‍ വീണ്ടും വഴിത്തിരിവ്. 118 ബിടെക് വിദ്യാര്‍ത്ഥികള്‍ക്കാണ് നേരത്തെ അഞ്ച് മാര്‍ക്ക് വീതം മോഡറേഷന്‍ നല്‍കിയത് എന്നായിരുന്നു എംജി സര്‍വ്വകലാശാല അറിയിച്ചിരുന്നു. എന്നാല്‍ 118 പേരല്ല  116 പേര്‍ക്ക് മാത്രമാണ് മോഡറേഷന്‍ നല്‍കിയത് എന്ന് ഇപ്പോള്‍ സര്‍വകലാശാല വ്യക്തമാക്കുന്നു.

രണ്ട് വിദ്യാര്‍ത്ഥികളെ അധികമായി പട്ടികയില്‍പ്പെടുത്തിയത് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തുവെന്നും എംജി സര്‍വകലാശാല അറിയിച്ചു. മാര്‍ക്ക് ദാനം വിവാദമായതിനെ തുടര്‍ന്ന് അതു  റദ്ദാക്കി കൊണ്ട് നേരത്തെ സര്‍വ്വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതു വിശദമാക്കി കൊണ്ട് നേരത്തെ ഗവര്‍ണര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

സംഭവത്തില്‍ രണ്ട് സെക്ഷൻ ഓഫീസര്‍മാരെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ജോയിന്‍റ് രജിസ്ട്രാർ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റുകയും ചെയ്തു. മാര്‍ക്ക്ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണം പിൻവലിക്കുമെന്നും പുതിയ വിജ്ഞാപനവും റിപ്പോര്‍ട്ടും ഉടന്‍ നല്‍കുമെന്നും സര്‍വ്വകലാശാല വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സംബന്ധിച്ച ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

click me!