അസോസിയേഷനിലെ തമ്മിൽത്തല്ല്: 8 പൊലീസുകാർക്ക് സസ്പെൻഷൻ, 6 പേർക്കെതിരെ നടപടി വരും

By Web TeamFirst Published Jun 23, 2019, 9:00 AM IST
Highlights

നഗരത്തിൽ ജോലി ചെയ്യുന്ന 8 പൊലീസുകാരെ കമ്മീഷണർ സസ്പെന്റ് ചെയ്തു. ബാക്കി ആറ് പേരുടെ സസ്പെൻഷൻ ഇന്ന് പുറത്തിറക്കും. 

തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് സർവ്വീസ് സഹകരണ സംഘത്തിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തില്‍ 14 പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. ബാക്കി ആറ് പേരുടെ സസ്പെൻഷൻ ഇന്ന് പുറത്തിറക്കും. 

സംഭവത്തില്‍ സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് സർവ്വീസ് സഹകരണ സംഘത്തിന്‍റെ ഓഫീസ് ഉപരോധിച്ചതും മുദ്രാവാക്യം വിളിച്ചതും ഗുരുതര അച്ചടക്കലംഘനമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കുറ്റക്കാരായി കണ്ടെത്തിയ മറ്റ് പൊലീസുകാർക്കെതിരായ നടപടിക്കായി അവർ ജോലി ചെയ്യുന്ന യൂണിറ്റുകളിലേക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. 

ഈ മാസം 27 നാണ് പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്. യുഡിഎഫ് അനുകൂല പൊലീസുകാർക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ കാർഡ് നൽകുന്നില്ലെന്നാരോപിച്ചുള്ള വാക്ക് തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് കാറ്റിൽ പറത്തിയായിരുന്നു ഇന്നലെ പൊലീസുകാര്‍ക്കിടയില്‍ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. 

വാ‍ക്ക് തർക്കത്തെ പൊലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി ആർ അജിത്തിന്‍റെ നേതൃത്വത്തിൽ യുഡിഎഫ് പാനൽ സഹകരണ സംഘം ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ഥാനാർത്ഥികള്‍ ഉള്‍പ്പെടെ ഒഴിഞ്ഞ് പോകാൻ മ്യൂസിയം സിഐ ആവശ്യപ്പെട്ടുവെങ്കിലും പ്രതിഷേധം തുടര്‍ന്നതാണ് സംഘര്‍ത്തിലേക്ക് നയിച്ചത്. പിന്നീട് കൂടുതൽ പൊലീസെത്തി ഓഫീസിൽ നിന്നും എല്ലാവരെയും പുറത്താക്കി. പൊലീസിന്‍റെ നിർദ്ദേശം മറികടന്ന് ധർണ നടത്തിയതിന് ജിആർ അജിത്തുള്‍പ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

click me!