പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരായ നടപടിയിൽ എജിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍

By Web TeamFirst Published Jan 1, 2020, 11:04 AM IST
Highlights

ഗവര്‍ണറുടെ അനുമതി വൈകുന്നതിനാൽ ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷൻ നടപടികൾ വൈകുകയാണ്. അഴിമതിയിൽ മുൻമന്ത്രിയുടെ പങ്ക് സംബന്ധിച്ച രേഖകൾ വിജിലൻസ് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. 

തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷൻ നടപടിയിൽ അഭിപ്രായം ആരായാൻ എജിയെ വിളിച്ച് വരുത്തി ഗവര്‍ണര്‍ . രാജ്ഭവനിലെത്താനാണ് എജിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ  നിര്‍ദ്ദേശം നൽകിയത്. വിജിലൻസിന്‍റെ അപേക്ഷയിൽ സര്‍ക്കാരിന്‍റെ മെല്ലെപ്പോക്കിൽ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് എജിയെ വിളിച്ച് വരുത്താൻ ഗവര്‍ണര്‍ തയ്യാറാകുന്നത്. കേസിൽ നടപടി ഇഴയുന്നതിന് പിന്നിൽ രാഷ്ട്രീയ താൽപര്യവും ഇടപെടലും ഉണ്ടെന്ന ആക്ഷേപവും ശക്തമാണ്. നടപടി നീളുന്നതിൽ സര്‍ക്കാരിനെതിരെ ഹൈക്കോടതി പലതവണ പരമാര്‍ശം നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ എജിയെ വിളിച്ച് വരുത്താൻ തീരുമാനിച്ചിട്ടുള്ളത്. 

കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി വേണമെന്നും മൂന്ന് മാസം മുമ്പാണ് വിജിലൻസ് കത്ത് നൽതിയത്. എംഎൽഎ ആയതിനാൽ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി ആവശ്യപ്പെട്ടുള്ള വിജിലൻസിന്‍റെ അപേക്ഷ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. 

ഇബ്രാഹീംകുഞ്ഞിനെതിരായ കേസിൽ ഗവര്‍ണര്‍ മൂന്നതവണ സര്‍ക്കാരിനോട് വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ  സ്വന്തം നിലയിലും ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. ഗവര്‍ണറുടെ അനുമതി വൈകുന്നതിനാൽ ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷൻ നടപടികൾ വൈകുകയാണ്. 

മൂന്ന് മാസം മുമ്പാണ് കേസ് സംബന്ധിച്ച രേഖകൾ വിജിലൻസ് ഗവര്‍ണറുടെ ഓഫീസിന് കൈമാറിയത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നടപടി. പ്രോസിക്യൂഷൻ നടപടികളിൽ എജിയുടെ അഭിപ്രായം അറിയാനാണ് ഗവര്‍ണറുടെ ശ്രമമെന്നാണ് വിവരം. അധികം വൈകാതെ തന്നെ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ പ്രോസിക്യുഷൻ നടപടിയിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.  
 

click me!