
തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സഭാകവാടത്തിലാണ് സമരം ഇരിക്കുക. കവാടത്തില്‍ സത്യാഗ്രഹ സമരം ഇരിക്കുന്നത് എംഎല്‍എ സനീഷ് കുമാറും എംഎല്‍എ എ കെ എം അഷറഫുമാണ്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കും എന്നാണ് പ്രതിപക്ഷ നിലപാട്. കഴിഞ്ഞ ദിവസങ്ങളിലായി തൃശ്ശൂരിലെ കുന്നംകുളത്തെയും പീച്ചിയിലെയും കസ്റ്റഡി മര്‍ദനങ്ങൾ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മാത്രമല്ല ഇതിനെ തുടര്‍ന്ന് സമാനമായ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ രണ്ടരമണിക്കൂറിലധികമാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച നടന്നത്. കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്. എന്നാൽ പൊലീസിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രിയും വിഡി സതീശനും പരസ്പരം ചോദ്യങ്ങൾ ചോദിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരല്ലായിരുന്ന പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. നിലവിൽ സഭാകവാടത്തിൽ പ്രതിപക്ഷത്തിൻ്റെ സത്യാഗ്രഹം തുടരുകയാണ്.
2023 ഏപ്രിൽ അഞ്ചിനാണ് കുന്നംകുളത്തെ കസ്റ്റഡി മര്‍ദനം നടക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്തിനാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായ മര്‍ദനം നേരിട്ടത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് മര്‍ദന ദൃശ്യങ്ങള്‍ ലഭിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സുജിത്തിന് ക്രൂരമർദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മര്‍ദിച്ച പൊലീസുകാരുടെ വീട്ടിലേക്കുൾപ്പെടെ സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് നിലവില്‍ നിയമസഭയില്‍ വിഷയം ചര്‍ച്ചയാവുന്നതും നിയമസഭ കവാടത്തില്‍ സമരമം പ്രഖ്യാപിച്ചതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam