
തിരുവനന്തപുരം: തിരുവനന്തപുരം (Thiruvannathapuram) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ (Govt Medical College Hospital) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ (Liver Transplant Surgery) ആരംഭിക്കാന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പ്രത്യേകമായി ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് സജ്ജമാക്കണം. എത്രയും വേഗം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ രോഗികളുടെ കുടുംബത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയാണുണ്ടാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്നതാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. സര്‍ക്കാര്‍ മേഖലയില്‍ നിലവില്‍ ഒരിടത്തും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നില്ല എന്ന അവസ്ഥയിലാണ് ഈ സര്‍ക്കാര്‍ ഇടപെട്ടത്. തിരുവനന്തപുരം, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാന്‍ ആരോഗ്യ വകുപ്പ് വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്.
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് മന്ത്രി യോഗം വിളിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുന്നതാണ്.
രണ്ട് മെഡിക്കല്‍ കോളേജുകളിലും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായുള്ള ഓപ്പറേഷന്‍ തീയറ്റര്‍, ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐ.സി.യു., അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വിഭാഗം ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യൂണിറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് നാലര വര്‍ഷമായെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂണിറ്റ് 2016ല്‍ ആണ് പൂട്ടിയത്. വിദഗ്ധരുടെ അഭാവമുണ്ടെന്നും പണച്ചെലവേറെയെന്നുമാണ് അധികൃതര്‍ നിലപാടെടുത്തത്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെ സ്വകാര്യ മേഖലയിലേക്കയക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ ശസ്ത്രക്രിയ ചെലവ് 18 മുതൽ 30 ലക്ഷം രൂപ വരെയാണ്.
2016 മാര്‍ച്ച് 23നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ആദ്യമായി കരൾ മാറ്റിവയ്ക്കൽ നടത്തിയത് . സ്വകാര്യ ആശുപത്രിയുടെ സഹായത്തോടെയായിരുന്നു ഇത് . എന്നാൽ അണുബാധയെ തുടര്‍ന്ന് രോഗി മരിച്ചു . അതോടെ ഗ്യാസ്ട്രോ സര്‍ജറി വിഭാഗത്തിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ പിന്തിരിഞ്ഞു . സര്‍ക്കാരും അനങ്ങിയില്ല . ശസ്ത്രക്രിയ വൈദഗ്ധ്യവും സഹായവും തേടി സ്വകാര്യ ആശുപത്രിയുമായി ഒപ്പിട്ട കരാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞു . ഇതിനായി നിയമിച്ച ജീവനക്കാരെ പിരിച്ചുവിട്ടു . കോടികള്‍ ചെലവഴിച്ച ഒരു പദ്ധതി അങ്ങനെ തുടക്കത്തിൽ തന്നെ അന്ത്യശ്വാസം വലിച്ചു . ഒരു ശസ്ത്രക്രിയക്ക് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് 12 ലക്ഷം രൂപയിലേറെ ചെലവ് വരും . ഈ പണം എങ്ങനെ കണ്ടെത്തുമെന്നതിലും സര്‍ക്കാരിന് വ്യക്തതയില്ലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam