Swapna Suresh : സ്വപ്ന സുരേഷിന് പുതിയ ജോലി; എച്ച്ആർഡിഎസിൽ സിഎസ്ആർ ഡയറക്ടർ

Web Desk   | Asianet News
Published : Feb 17, 2022, 06:56 PM ISTUpdated : Feb 17, 2022, 09:11 PM IST
Swapna Suresh : സ്വപ്ന സുരേഷിന്  പുതിയ ജോലി; എച്ച്ആർഡിഎസിൽ സിഎസ്ആർ ഡയറക്ടർ

Synopsis

വൻകിട കമ്പനികളിൽ നിന്നും സിഎസ്ആർ ഫണ്ട് ഏകോപിപ്പിക്കുന്ന ചുമതലയാണ് ലഭിച്ചത്. ആദിവാസി മേഖലകളിൽ വീട് നിർമാണം ഉൾപ്പടെ ചെയ്യുന്ന സാമൂഹ്യ സംഘടനയാണ് എച്ച്ആർഡിഎസ്. 

പാലക്കാട്: സ്വപ്ന സുരേഷിന് (Swapna Suresh)  സ്വകാര്യ എൻ ജി ഒ യിൽ നിയമനം ആയി. പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസിൽ (HRDS)  സിഎസ് ആർ ഡയറക്ടർ (CSR Director) ആയാണ് നിയമനം. വൻകിട കമ്പനികളിൽ നിന്നും സിഎസ്ആർ ഫണ്ട് ഏകോപിപ്പിക്കുന്ന ചുമതലയാണ് ലഭിച്ചത്. ആദിവാസി മേഖലകളിൽ വീട് നിർമാണം ഉൾപ്പടെ ചെയ്യുന്ന സാമൂഹ്യ സംഘടനയാണ് എച്ച്ആർഡിഎസ്. 

സ്വകാര്യ കാരണങ്ങളാൽ നിയമന തീയതി സ്വപ്ന നീട്ടിച്ചോദിച്ചിട്ടുണ്ട് എന്ന് എച്ച്ആർഡിഎസ് അറിയിച്ചു. കഴിഞ്ഞ 12 നാണ് നിയമന ഉത്തരവ് നൽകിയത്. കഴിഞ്ഞ ദിവസം സ്വപ്ന നിയമനം സ്വീകരിച്ചു. നാല്പത്തി മൂവായിരം രൂപ ശമ്പളത്തിലാണ് നിയമനം.

സ്വർണ്ണക്കടത്ത് കേസ്;   സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ പിൻമാറി

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ പിൻമാറിയിട്ടുണ്ട്. കൊച്ചി എൻഐഎ കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ പിൻമാറുകയാണെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു, വക്കാലത്ത് ഒഴിയുന്നതിന്‍റെ കാരണം വ്യക്തമാക്കാനാകില്ലെന്ന് അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കൽ പറഞ്ഞു. 

സ്വർണ്ണക്കടത്ത് കേസിൽ വിവാദ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ സ്വപ്ന സുരേഷിന് നോട്ടീസ് നൽകിയിരുന്നു. ഇതിൽ ഹാജരാകാനിരിക്കെയാണ് അഭിഭാഷകൻ പിൻമാറുന്നത് എന്നും ശ്രദ്ധേയമാണ്. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിൽ എൻഐഎ റെയ്ഡിൽ പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങളും, വിദേശ കറൻസികളുമടക്കമുള്ള രേഖകൾ വിട്ട് തരണമെന്ന സ്വപ്നയുടെ ഹർജി കൊച്ചി എൻഐഎ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.

കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നും സ്വപ്ന അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. 

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്

Read More: സ്വപ്നയുടെ, കേരളത്തെ ഞെട്ടിച്ച ആ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

പുതിയ വിവരങ്ങൾ കോടതിയിൽ ഔദ്യോഗികമായി ഉടൻ അറിയിക്കാനാണ് ഇഡിയുടെ നീക്കം. ഈ കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മൊഴി എടുപ്പിന് സാവകാശം അനുവദിക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരുന്നു. അനാരോ​ഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശം ആണ് സ്വപ്ന ആവശ്യപ്പെട്ടത്. നേരിൽ ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇ ഡി സമയം അനുവദിക്കുകയും ചെയ്തു. 

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശിവശങ്കറിന് ഐ ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണെന്നും നിരവധി സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നുമാണ് സ്വപ്ന സുരേഷ്  പറഞ്ഞത്. 

വേദനിപ്പിച്ചത് ശിവശങ്കറിന്‍റെ എഴുത്ത്

തന്നെ ഏറ്റവും വേദനിപ്പിച്ചത് ശിവശങ്കറിന്‍റെ എഴുത്താണ്. ശിവശങ്കര്‍ തന്നെയാണ് ചൂഷണം ചെയ്തതെന്ന് പറഞ്ഞ സ്വപ്ന,  ശിവശങ്കര്‍ എന്താണ് പൊതു സമൂഹത്തിനോട് പറയാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്‍റെ ഫ്ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപൂര്‍ണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നായിരുന്നു സ്വപ്നയുടെ അന്നത്തെ പ്രതികരണം.

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം