
മലപ്പുറം: എടപ്പാള്‍ നടുവട്ടത് വിദ്യാര്‍ത്ഥികളെ ഇടിച്ചിടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. സ്റ്റോപ്പില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച് ബസ് തടഞ്ഞ കുട്ടികളുടെ ഇടയിലേക്ക് ബസ് ഓടിക്കുകയായിരുന്നു. ഭാഗ്യത്തിനാണ് നടുവട്ടം ഐടിഐ യിലെ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. ബസിന് മുന്നിൽ കയറി നിന്ന് വിദ്യാർത്ഥികൾ നിർത്താനാവശ്യപ്പെടുമ്പോൾ, അത് വകവയ്ക്കാതെ ബസ് മുന്നോട്ടെടുത്ത് ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബസ് ജീവനക്കാരെയും ഉടമയെയും വിളിച്ചു വരുത്തിയ പൊലീസ് 3000 രൂപ പിഴ ഈടാക്കി.
ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഡ്രൈവറോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. നടുവട്ടം സെന്ററില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സൂപ്പര്‍ ഫാസ്റ്റ് ബസിന് ആ സ്ഥലത്ത് സ്റ്റോപ്പില്ല എന്ന മറുപടിയാണ് പൊലീസിനോട് ബസുകാര്‍ നല്‍കിയത്.
അതേസമയം, പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രദേശവാസികൾ തന്നെയാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർ രാധാകൃഷ്ണനാണ് മർദ്ദനമേറ്റത്. ബസിന് കുറുകെ ബൈക്ക് നിർത്തി 2 യുവാക്കൾ മർദ്ദിക്കുകയായിരുന്നു. വൈകീട്ട് 7നാണ് സംഭവം. ഡ്രൈവർ രാധാകൃഷ്ണൻ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. മർദ്ദിച്ചവരെ ആദ്യമായി കാണുകയാണെന്ന് ഇയാൾ പറയുന്നു.
എന്തിനാണ് മർദ്ദിച്ചത് എന്നറിയില്ലെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ബസിന്റെ ഡ്രൈവറായിരുന്നു രാധാകൃഷ്ണൻ. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറുന്നതിന് മുമ്പാണ് സംഭവം. ഇവർ സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ യുവാക്കളെ മുൻപരിചയമില്ലെന്ന് രാധാകൃഷ്ണൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസായതോട് കൂടി യുവാക്കൾ ഒളിവിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam