
കണ്ണൂർ: പാനൂരിൽ സ്വന്തം വീട്ടിനകത്ത് അക്രമി കഴുത്തറുത്തതിനെ തുടർന്ന് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ഫോൺ സംഭാഷണങ്ങൾക്ക് പിന്നാലെ പൊലീസ്. യുവതി അവസാനം വിളിച്ച ഫോൺകോളുകളുടെ വിവരമാണ് തിരയുന്നത്. വിഷ്ണുപ്രിയയ്ക്ക് നേരിട്ട് പരിചയമുള്ളയാളാണോ കൊലയാളിയെന്ന് അറിയാനാണ് ഇത്തരത്തിലൊരു അന്വേഷണമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന.
അതേസമയം സ്ഥലത്തെ ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് സമീപവാസിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിഷ്ണുപ്രിയയുടെ അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന്, കുടുംബവീട്ടിലായിരുന്നു ഇന്ന് രാവിലെ വരെ യുവതി ഉണ്ടായിരുന്നത്. കുളിച്ച് വസ്ത്രം മാറാനും മറ്റുമായി ഇന്ന് രാവിലെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. മകൾ തിരിച്ച് വരാൻ വൈകിയതോടെ അമ്മ വീട്ടിലേക്ക് വന്നു. ഈ സമയത്താണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. അമ്മയാണ് ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചത്.
പാനൂരിൽ ന്യൂക്ലിയസ് ആശുപത്രിയിൽ ഫാർമസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. യുവതിയുടെ അച്ഛൻ വിനോദ് ഖത്തറിലാണ്. ഇദ്ദേഹം ഈയടുത്താണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരികെ പോയത്. അക്രമം നടന്നെന്ന് കരുതുന്ന സമയത്ത് വിഷ്ണുപ്രിയയുടെ ബന്ധുക്കളും അയൽക്കാരുമെല്ലാം ഇവരുടെ കുടുംബവീട്ടിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam