
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ പട്ടികയിൽ അനധികൃമായി ഇടം നേടി വൻ തുക തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരിൽ നിന്നും പണം തിരികെ പിടിക്കാൻ നടപടി. സർക്കാരിനെ കബളിപ്പിച്ച് അനർഹമായി തട്ടിയെടുത്ത തുക 18 ശതമാനം പിഴ പലിശയടക്കം തിരികെ ഈടാക്കുന്നതിന് ധനവകുപ്പ് ഉത്തരവിറക്കി. വ്യാജ രേഖകൾ ചമച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ റദ്ദ് ചെയ്ത് അനർഹമായി കൈപ്പറ്റിയ തുക 18 ശതമാനം പിഴപ്പലിശ സഹിതം തിരികെ ഈടാക്കാൻ നിർദ്ദേശം നൽകി. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസ് ആണ് നിർദ്ദേശം നൽകിയത്.
അനർഹരായ വൃക്തികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിന് സഹായകരമായ രീതിയിൽ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും ഇതിന് പഞ്ചായത്ത് ഡയറ്കടർ, നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തുന്നതായും ഉത്തരവിൽ വ്യക്തമാക്കുന്നു. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ അനുവദിക്കുന്ന സാമൂഹ്യ പെൻഷൻ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതോടൊപ്പം അനർഹർ കൈക്കലാക്കുന്നത് തടയേണ്ടതും സർക്കാരിന്‍റെ സാമ്പത്തിക ഭദ്രതക്ക് അനിവാര്യതയാണെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ സർവ്വീസിലുള്ള ഭിന്നശേഷിക്കാരാണ് പട്ടികയിൽ കൂടുതലമുള്ളതെന്നാണ് വിവരം. സർവ്വീസിൽ പ്രവേശിച്ചിട്ടും സാമൂഹ്യക്ഷേമ പെൻഷൻ വേണ്ടെന്ന് എഴുതിക്കൊടുക്കാതെ ബോധപൂർവ്വം പണം കൈപ്പറ്റുന്നവരുമുണ്ട്. മസ്റ്ററിംഗിലും ഇവരെ പിടിക്കാനാകാത്തതിന് കാരണം തദ്ദേശവകുപ്പ് ജീവനക്കാരുടെ പിന്തുണ കൂടിയുള്ളത് കൊണ്ടാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടികളും പരാമവധി ആളുകളെ പട്ടികയിൽ ഉൾപ്പെടുത്താൻ മത്സരിക്കുന്നതാണ് പതിവ്. അനർഹർ പട്ടികയിലുണ്ടെന്ന് സിഎജി കണ്ടെത്തിയിട്ടും സർക്കാർ ആദ്യം വലിയ കാര്യമാക്കിയിരുന്നില്ല. പിന്നീട് പെൻഷന് വൻ തുക വേണ്ടിവന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്.
Read More :
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam